കാലിക്കറ്റ്‌ സര്‍വകലശാല ക്യാമ്പസിലെ ലൈംഗീക അതിക്രമം;നടപടിയാവശ്യപ്പെട്ട്‌ ചീഫ്‌ ജസിറ്റിസിന്‌ വിദ്യാര്‍ഥിനികളുടെ കത്ത്‌

കൊച്ചി: കാലിക്കറ്റ്‌ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വെച്ച്‌ വിദ്യാര്‍ഥിനികള്‍ക്ക്‌ നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട്‌ ചീഫ്‌ ജസ്റ്റിസിന്‌ വിദ്യാര്‍ഥിനികള്‍ കത്ത്‌ നല്‍കി. സര്‍വകലാശാല ക്യാമ്പസില്‍ വെച്ച്‌ വിദ്യാര്‍ഥിനികള്‍ക്ക്‌ നേരെയുള്ള ലൈംഗിക അതിക്രമം വര്‍ധിച്ചു വരികയാണ്‌. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച്‌ അധികൃതരോട്‌ പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന്‌ ഒരു കൂട്ടും വിദ്യാര്‍ഥിനികള്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിന്‌ കത്തയക്കുകയായിരുന്നു. തങ്ങള്‍ ശാരീരികമായും മാനസികമായും കൈയേറ്റത്തിന്‌ ഇരയാകുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്‌.

സുരക്ഷിതത്വത്തോടെ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ തങ്ങള്‍ക്ക്‌ ജീവിക്കാനാവാകാത്ത സ്ഥിയാണിപ്പോഴുള്ളതെന്നും പരാതിയില്‍ പറയുന്നു. 1997 ല്‍ ഹൈക്കോടതി നിശ്ചയിച്ച അഡ്വ.സീമന്തിനി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും ഹൈക്കോടതി വിധികളും അനുസരിച്ച്‌ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഹൈക്കോടതി ഇടപെടണമെന്നാണ്‌ പെണ്‍കുട്ടികള്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുളളത്‌.