കാലിക്കറ്റില്‍ ഗവേഷകര്‍ക്ക്‌ ബയോമെട്രിക്‌ പഞ്ചിംഗ്‌ നിര്‍ബന്ധമാക്കി

കാലിക്കറ്റ്‌ സര്‍വകലാശാലാ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും എം.ഫില്‍, പി.എച്ച്‌.ഡി ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക്‌ ബയോമെട്രിക്‌ പഞ്ചിംഗ്‌ നിര്‍ബന്ധമാക്കി ഉത്തരവായി (U.O.No.5792/2015/Admn dated 08.06.2015). ഉത്തരവിന്റെ വിശദാംശങ്ങള്‍: എം.ഫില്‍, പി.എച്ച്‌.ഡി ഗവേഷകര്‍ ഫുള്‍ടൈം എന്നോ പാര്‍ട്ട്‌ടൈം എന്നോ വ്യത്യാസമില്ലാതെ ബയോമെട്രിക്‌ പഞ്ചിംഗ്‌ സിസ്റ്റം വഴി ഹാജര്‍ മാര്‍ക്ക്‌ ചെയ്യണം. കൂടാതെ അറ്റന്‍ഡന്‍സ്‌ രജിസ്റ്ററിലും പ്രതിദിനം രണ്ട്‌ നേരം കാലത്ത്‌ വരുമ്പോഴും വൈകീട്ട്‌ മടങ്ങുമ്പോഴും ഹാജര്‍ അടയാളപ്പെടുത്തണം.
എല്ലാ റിസര്‍ച്ച്‌ സ്‌കോളേഴ്‌സിനും ബയോമെട്രിക്‌ പഞ്ചിംഗ്‌ സൗകര്യം ചെയ്‌തുകൊടുക്കാന്‍ സര്‍വകലാശാല ഇന്‍സ്‌ട്രുമെന്റേഷന്‍ എഞ്ചിനീയറെ ചുമതലപ്പെടുത്തി. ബയോമെട്രിക്‌ പഞ്ചിംഗ്‌ സംവിധാനം ഇല്ലാത്ത അംഗീകൃത റിസര്‍ച്ച്‌ സെന്ററുകളില്‍ എത്രയും പെട്ടന്ന്‌ പഞ്ചിംഗ്‌ സംവിധാനം അതത്‌ മാനേജ്‌മെന്റുകള്‍ ഏര്‍പ്പെടുത്തണം. അതുവരെ ഗവേഷകര്‍ അറ്റന്‍ഡന്‍സ്‌ രജിസ്റ്ററില്‍ ഒപ്പ്‌ വെക്കണം. ഹാജറില്‍ ക്രമക്കേട്‌ കാണിച്ചാല്‍ സ്ഥാപന മേധാവിയും സൂപ്രവൈസറും ഉത്തരവാദികളാകും. ഫെല്ലോഷിപ്പ്‌, വേതന ബില്ലുകള്‍, പെയ്‌മെന്റിന്‌ സമര്‍പ്പിക്കുമ്പോള്‍ സൂപ്പര്‍വൈസറും ഗവേഷണ കേന്ദ്രമേധാവിയും ഒപ്പിട്ട പഞ്ചിംഗ്‌ ഡാറ്റ ഗവേഷകര്‍ ബില്ലിനോടൊപ്പം അടക്കം ചെയ്യണം. പുതിയ ഉത്തരവിന്‌ ശേഷവും ബയൊമെട്രിക്‌ പഞ്ചിംഗ്‌ സിസ്റ്റം വഴി ഹാജര്‍ മാര്‍ക്കുചെയ്യാത്തവരുടെ ഫെല്ലോഷിപ്പ്‌/വേതന ബില്ലുകള്‍ വകുപ്പ്‌ മേധാവികള്‍ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റിസര്‍ച്ചിലേക്ക്‌ അയക്കരുത്‌. എന്നാല്‍ പുതിയ ഉത്തരവ്‌ അനുസരിച്ച്‌ ബയോമെട്രിക്‌ പഞ്ചിംഗ്‌ വഴി ഹാജര്‍ അടയാളപ്പെടുത്തുന്നവരുടെ ഫെല്ലോഷിപ്പ്‌ ബില്ലുകള്‍ വകുപ്പ്‌ മേധാവികള്‍ക്ക്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റിസര്‍ച്ചിലേക്ക്‌ അയക്കാവുന്നതാണ്‌.
എല്ലാ സ്ഥാപന/വകുപ്പ്‌ മേധാവികളും ലീവ്‌ രജിസ്റ്റര്‍ സൂക്ഷിക്കണം. ഗവേഷകര്‍ എടുത്ത ലീവിന്റെ വിവരങ്ങള്‍ ലീവ്‌ രജിസ്റ്ററില്‍ വ്യക്തമാക്കണം. ആവശ്യപ്പെടുമ്പോള്‍ ഇത്‌ വെരിഫിക്കേഷന്‌ നല്‍കണം. ഗവേഷകര്‍ ലീവ്‌ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇത്‌ വരെ എടുത്ത ലീവിന്റെ വിശദാംശങ്ങളും വകുപ്പ്‌ മേധാവിയുടെ ശുപാര്‍ശയും ലീവ്‌ അപേക്ഷയില്‍ കാണിച്ചിരിക്കണം. പ്രൊജക്‌ട്‌ ഫെല്ലോഷിപ്പ്‌ ഉള്‍പ്പടെ ഒരു ഫെല്ലോഷിപ്പില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ മാറിയാലും, ആദ്യത്തേതില്‍ തന്നെ തുടര്‍ന്നാലും മൊത്തം ഗവേഷണ കാലാവധി അഞ്ച്‌ വര്‍ഷമായി നിജപ്പെടുത്തും.
നിര്‍ദ്ദിഷ്‌ട കാലാവധിക്കുള്ളില്‍ ഗവേഷണ പ്രബന്ധവും മറ്റ്‌ നിര്‍ബന്ധ ഡോക്യുമെന്റുകളും സമര്‍പ്പിക്കാത്ത ഗവേഷകര്‍ കൈപ്പറ്റിയ ഫെല്ലോഷിപ്പ്‌/വേതനം തുടങ്ങിയവ പലിശ സഹിതം ബന്ധപ്പെട്ട ഫണ്ടിംഗ്‌ ഏജന്‍സിക്ക്‌ തിരിച്ചടക്കേണ്ടി വരികയോ റവന്യൂ റിക്കവറിക്ക്‌ വിധേയരാവുകയോ ചെയ്യേണ്ടി വരും.
ബന്ധപ്പെട്ട അധികാരികളുടെ ഡ്യൂട്ടി/അറ്റന്‍ഡന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്ന മുറക്ക്‌ എല്ലാ ഗവേഷകര്‍ക്കും അര്‍ഹമായ ഡ്യൂട്ടി ലീവ്‌ അനുവദിക്കും. ഗവേഷകര്‍ ഫീല്‍ഡ്‌ ട്രിപ്പിന്‌ പോകുമ്പോള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന്‌ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.