കാര്‍ വെള്ളക്കെട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

അപകടം ഖത്തറില്‍ നിന്നെത്തി പുലര്‍ച്ചെ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെ

തൃശൂര്‍: പുതുക്കാട്‌ നന്തിക്കരയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. പാലക്കാട്‌ ആലത്തൂര്‍ സ്വദേശികളാണ്‌ മരിച്ചത്‌. പുലര്‍ച്ചെ 4.50 നാണ്‌ അപകടം സംഭവിച്ചത്‌. പാലക്കാട്‌ ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശി ഇസഹാകും കുടുംബവുമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഖത്തറില്‍ നിന്ന്‌ പുലര്‍ച്ചെ നാട്ടിലെത്തിയ ഇസാഹാക്ക്‌ വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌.

ഇസ്‌ഹാക്കിന്റെ ഭാര്യ അഫ്‌സത്ത്‌, മകള്‍ ഇര്‍ഫാന(മൂന്നര), മാതാവ്‌ അവ്വ ഉമ്മ, ഡ്രൈവര്‍ പ്രസാദ്‌, ഇസ്‌മായില്‍ എന്നിവരാണ്‌ മരിച്ചത്‌. ഇസ്‌ഹാക്കിന്റെ മകന്‍ ഇജാസ്‌(8)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അപകടം അതിരാവിലെ നടന്നതിനാല്‍ അറിയാന്‍ വൈകിയതാണ്‌ ദുരന്തത്തിലേക്ക്‌ നയിച്ചത്‌. അപകടത്തെ കുറിച്ച്‌ അതുവഴികടന്നു പോയ ലോറി ഡ്രൈവറാണ്‌ പോലീസില്‍ വിവരം നല്‍കിയത്‌. ഏഴുമണിയോടെയാണ്‌ വാഹനം കണ്ടെത്തിയത്‌. വാഹനത്തില്‍ നിന്ന്‌ കിട്ടിയ ഇസ്‌ഹാകിന്റെ പാസ്‌പോര്‍ട്ടില്‍ നി്‌ന്നാണ്‌ ഇവരെ തിരിച്ചറിഞ്ഞത്‌.

മൃതദേഹങ്ങള്‍ പുതുക്കാട്‌ താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.