കാര്‍ഷിക സാങ്കേതിക വിദ്യാവാരം ‘പുലരി 2016’ തുടങ്ങി

Story dated:Wednesday February 3rd, 2016,06 08:pm
sameeksha sameeksha

pulari=2ജില്ല കൃഷി വിജ്ഞാന കേന്ദ്രവും ആത്മയും സംയുക്തമായി തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തുന്ന കാര്‍ഷിക സാങ്കേതിക വിദ്യാവാരം ‘പുലരി 2016’ പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു. തവനൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. സുബ്രമണ്യന്‍ അധ്യക്ഷനായിരുന്നു. ഫെബ്രുവരി മൂന്ന്‌ മുതല്‍ ആറു വരെ നടക്കുന്ന സാങ്കേതിക വിദ്യാവാരത്തില്‍ കൃഷിക്കാര്‍ക്ക്‌ സാങ്കേതിക വിദ്യകള്‍, നൂതന കൃഷിരീതികള്‍ എന്നിവ പരിചയപ്പെടുത്തും.
ഹോര്‍ട്ടികള്‍ച്ചര്‍ കോളെജിലെ അഗ്രോണമി വകുപ്പിലെ പ്രൊഫസര്‍ ഡോ. പി.എസ്‌. ജോണ്‍ നെല്‍കൃഷി- മണ്ണിന്റെ ആരോഗ്യ പരിപാലനവും സംയോജിത വളപ്രയോഗവും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കൂടാതെ കര്‍ഷകര്‍ക്കായി കൃഷിവിജ്ഞാനകേന്ദ്രവും കാര്‍ഷിക എഞ്ചിനീയറിങ്ങ്‌ കോളെജും ചേര്‍ന്ന്‌ കൃഷി സംരംക്ഷിക്കാനും കൃഷിയിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള ആധുനിക സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്‌. കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്‌ടര്‍ ഓഫ്‌ എക്‌സ്റ്റന്‍ഷന്‍ ഡോ.പി.ബി. പുഷ്‌പലത, പോഗ്രാം കോര്‍ഡിനേറ്റര്‍ പി.വി ഹബീബുര്‍റഹ്മാന്‍, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ എ.ടി സജിത, സി.അസ്സെനാര്‍ ഹാജി , എം.എസ്‌ ഹജിലാല്‍, എ.കെ ചിത്രഭാനു, ജയന്തകുമാര്‍, എ.ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
അടയ്‌ക്ക പൊളിക്കാനും കൂര്‍ക്ക തൊലികളയാനും യന്ത്രങ്ങള്‍
നെല്ല്‌, കുരുമുളക്‌, ജാതിക്ക, ഇഞ്ചി, കോക്കോ, കമുക്‌, വാഴ, വെള്ളരി വര്‍ഗങ്ങള്‍, വഴുതിന, ചീര, തെങ്ങ്‌ തുടങ്ങിയ വിളകള്‍ക്ക്‌ വരുന്ന രോഗങ്ങള്‍ , രോഗ ലക്ഷണങ്ങള്‍, നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച്‌ കര്‍ഷകരെ ബോധവത്‌കരിക്കുന്നതിനുള്ള സ്റ്റാളും പ്രദര്‍ശനത്തിലുണ്ട്‌.
ഒരേസമയം നാലുപേര്‍ക്ക്‌ ഇരുന്ന്‌ അടയ്‌ക്ക പൊളിക്കാനുള്ള അടയ്‌ക്ക പൊളിക്കല്‍ യന്ത്രം, നേന്ത്രക്കായ നുറുക്കല്‍ യന്ത്രം, കുരുമുളകിനെ വെറ്റ്‌ പെപ്പര്‍ അക്കാനുള്ള യന്ത്രം തുടങ്ങിയ യന്ത്രങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം ആവശ്യമുള്ള കര്‍ഷകര്‍ക്ക്‌ ആദായ വിലയില്‍ നല്‍കുന്നുമുണ്ട്‌. പോളി ഹൗസ്‌, മഴമറ, തണല്‍ ഹൗസ്‌ എന്നിവ എഞ്ചീനിയറിങ്‌ കോളെജ്‌ സ്വയം വികസിപ്പിച്ചെടുത്ത വിവിധതരം തെങ്ങുകയറ്റ യന്ത്രങ്ങള്‍, കോണോ വീഡര്‍, കൂര്‍ക്കതൊലി കളയുന്ന യന്ത്രം തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്‌.