കശ്മീരില്‍ ഭീകരാക്രമണം; 1 മരണം

ന്യൂഡല്‍ഹി > കശ്മീരില്‍ തെരച്ചില്‍ കഴിഞ്ഞ് മടങ്ങിയ സൈന്യത്തിനുനേരെ ഭീകരാക്രമണം. സൈന്യം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായ തദ്ദേശവാസി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനുശേഷം മടങ്ങുകയായിരുന്ന സൈനികര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ചയും പ്രക്ഷോഭകാരികളും സുരക്ഷാഭടന്മാരും ഏറ്റുമുട്ടി. വിദ്യാര്‍ഥികളും തെരുവിലിറങ്ങി.

ഷോപ്പിയാന്‍ ജില്ലയില്‍ വ്യാഴാഴ്ച ഒളിവിലുള്ള ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം  രണ്ടുഡസനോളം ഗ്രാമങ്ങള്‍ വളഞ്ഞാണ് തെരച്ചില്‍ നടത്തിയത്. പുലര്‍ച്ചെ ആരംഭിച്ച തെരച്ചില്‍ വൈകിട്ടുവരെ തുടര്‍ന്നു. മൂവായിരത്തോളം സൈനികര്‍ തെരച്ചിലില്‍ പങ്കെടുത്തു. തെരച്ചിലിനുശേഷം വാഹനത്തില്‍ മടങ്ങുകയായിരുന്ന 62 ആര്‍ആര്‍ യൂണിറ്റിലെ സൈനികരെയാണ് ബസ്കുചന്‍ ഗ്രാമത്തില്‍ ആക്രമിച്ചത്. ഭീകരര്‍ വാഹനം വളഞ്ഞ് തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

താഴ്വരയില്‍ പലയിടത്തായി ബാങ്കുകള്‍ കൊള്ളയടിച്ച് ആറുലക്ഷത്തോളം രൂപയും ഭീകരര്‍ സ്വന്തമാക്കി. ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടന താഴ്വരയില്‍ വ്യാപകമായി റിക്രൂട്ടിങ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആയുധപരിശീലനം നടത്തുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ ഹിസ്ബുള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുംമറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഷോപ്പിയാന്‍ ജില്ലയില്‍മാത്രം ഇരുനൂറിലേറെ ഹിസ്ബുള്‍ ഭീകരര്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.