കവി എന്നതിലുപരി സാമൂഹിക പരിഷ്‌കര്‍ത്താവുകൂടിയായിരുന്നു മോയിന്‍കുട്ടി വൈദ്യര്‍ ;മന്ത്രി ആര്യാടന്‍

കൊണ്ടോട്ടി. മാപ്പിള സാഹിത്യത്തില്‍ ഒരിക്കലും മാറ്റിനിര്‍ത്താന്‍ പറ്റാത്ത പേരാണ് മഹാകവി മോയിന്‍കുട്ടി വൈദ്യരെന്നും, അദ്ദേഹം ന്യൂനപക്ഷത്തിന്റെ മാത്രം കവിയായിരുന്നില്ലെന്നും സമൂഹത്തിന്റെ കവിയായിരുന്നെന്നും വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വൈദ്യരുടെ കൃതികള്‍മാത്രം വായിച്ചാല്‍ തന്നെ ഇത് മനസ്സിലാകും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവത്തിന്റെ സമ്പൂര്‍ണ്ണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കവി എന്നതിലുപരി സാമൂഹിക പരിഷ്‌കര്‍ത്താവുകൂടിയായിരുന്നു അദ്ദേഹം. മാപ്പിള ഗാനശാഖക്ക് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. ഉള്ള പരിമിതിയില്‍ നിന്നുകൊണ്ട് വൈദ്യര്‍ സ്മാരകത്തിന് സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചെയര്‍മാന്‍ സി.പി. സെയ്തലവി അധ്യക്ഷനായിരുന്നു. ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിന്റെ വിപുലീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും സാംസ്‌കാരിക സന്ധ്യ ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി. സി. എന്‍ അഹമ്മദ് മൗലവി, കെ.ടി. മാനു മുസ്ലിയാര്‍, എം.എ. കല്‍പറ്റ, ജമീല ബീവി, മാപ്പിള കവി മുനീര്‍ എന്നിവരുടെ ഫോട്ടോ ടൂറിസംവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മാപ്പിള കവി പുലിക്കോട്ടില്‍ ഹൈദറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ എന്ന പുസ്തകം മന്ത്രി അനില്‍കുമാര്‍ കെ. മുഹമ്മദുണ്ണി ഹാജി എംഎല്‍എക്ക് നല്‍കി പ്രകാശനം ചെയ്തു. വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കാന്‍ അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വൈദ്യര്‍ സ്മാരകത്തില്‍ കൊണ്ടുവരുമെന്നും, നിലവില്‍ ലഭിച്ചുവരുന്ന ഗ്രാന്റ് വര്‍ദ്ധിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അനില്‍കുമാര്‍ അറിയിച്ചു. മാപ്പിള സാഹിത്യ സംഗീത രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ പീര്‍ മുഹമ്മദ്, അസീസ് തായ്‌നേരി, വടകര കൃഷ്ണദാസ്, ആലിക് വാഴക്കാട്, കെ. ഹുസൈന്‍ ഉസ്താദ്, മാളിയേക്കല്‍ മുഹമ്മദ് കുരിക്കള്‍, പോക്കു കുരിക്കള്‍, എം. കുഞ്ഞി മൂസ, അറ്റാശ്ശേരി മുഹമ്മദ്, കെ.കെ. ആലിക്കുട്ടി, പള്ളിക്കല്‍ മൊയ്തീന്‍, ഉമ്മര്‍ മധുവായി, ശബ്‌ന പൊന്നാട്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ പി.പി. മജീദ് എന്നിവരെ മന്ത്രി ആര്യാടന്‍ മുഹമ്മദ് ആദരിച്ചു.

സി.പി. മുഹമ്മദ് എംഎല്‍എ, അഡ്വ. കെഎന്‍എ ഖാദര്‍ എംഎല്‍എ, സി. ഫാത്തിമ ബീവി, കെ.പി. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആസാദ് വണ്ടൂര്‍ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റഷീദ് ബാബു നന്ദിയും പറഞ്ഞു.

വൈദ്യരുടെ കാവ്യപ്രപഞ്ചം സെമിനാര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. വൈദ്യര്‍ സ്മാരക കമ്മിറ്റി അംഗം കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, എ.പി. അഹമ്മദ്, ഇബ്രാഹീം ബേവിഞ്ച, കെ. അബൂബക്കര്‍ വടകര എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സാംസ്‌കാരിക സന്ധ്യയില്‍ കെ. മുഹമ്മദുണ്ണിഹാജി എംഎല്‍എ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് പി. സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പി ഉബൈദുള്ള എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, നവാസ് പൂനൂര്‍, റഷീദ് പറമ്പന്‍, പി.എ. സലാം, ടി.പി. എം. ആഷിറലി, അശ്‌റഫ് മടാന്‍, ബഷീര്‍ ചുങ്കത്തറ, കെ. വേദവ്യാസന്‍, പി. എച്ച് അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ എളേറ്റില്‍ സ്വാഗതവും അശ്‌റഫ് മാസ്റ്റര്‍ നന്ദിയും പറ്ഞ്ഞു. തുടര്‍ന്ന് നടന്ന ഇശല്‍ പുതുമയില്‍ കണ്ണൂര്‍ ശരീഫ്, ഐ.പി. സിദ്ധീഖ്, രഹ് ന, ആദില്‍ അത്ത്, വിളയില്‍ ഫസീല, താജുദ്ദീന്‍ വടകര, റിജിയ എന്നീ ഗായകര്‍ പങ്കെടുത്തു.