കവിയൂര്‍ കേസ്‌; തുടരന്വേഷണം വേണം കോടതി

anaghaതിരുവനന്തപുരം: കവിയൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന്‌ കോടതി. അതേസമയം സി ബി ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട്‌ തള്ളി. മരിച്ച അനഘ പീഢിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം വേണമെന്നും . അനഘയെ അച്ഛന്‍ തന്നെ പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ലെന്നും മൂന്നാം തുടരന്വേഷണം പ്രഹസനമാണെന്നും കോടതി പറഞ്ഞു.

അനഘയെ പീഡിപ്പിച്ചത്‌ പിതാവാണെന്നായിരുന്നു സിബിഐയുടെ മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. അനഘയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അതെസമയം കേസില്‍ മറ്റ്‌ പ്രതികള്‍ ഉണ്ടെന്നുള്ളത്‌ കണ്ടെത്താനായില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടാണ്‌ ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്‌.

അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചതായാണ്‌ നേരത്തെ രണ്ട്‌ അന്വേഷണ റിപ്പോര്‍ട്ടിലും സിബിഐ വ്യക്തമാക്കിയിരുന്നത്‌. എന്നാല്‍ ഈ രണ്ട്‌ റിപ്പോര്‍ട്ടുകളും സിബിഐ കോടതി തള്ളിയിരുന്നു.

പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോ. സരിതയുടെ റിപ്പോര്‍ട്ടില്‍ അനഘ ആത്മഹത്യയ്‌ക്ക്‌ മുമ്പ്‌ 24 നും 72 മണിക്കൂറിനും ഇടയില്‍ പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാക്കിയിരുന്നു.

2004 സപ്‌തംബര്‍ 28 നാണ്‌ കവിയൂര്‍ ക്ഷേത്രത്തിന്‌ കിഴക്കേ നടയ്‌ക്ക്‌ സമീപം വാടകവീട്ടില്‍ താമസിച്ചിരുന്ന ക്ഷേത്രപൂജാരി കെ എ നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭ, മക്കളായ അനഘ(15), അഖില(7), അക്ഷയ്‌(5) എന്നിവരെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌.