കവിത

 ഉപ്പിലിട്ടത്.

ജനില്‍ മിത്ര

ചില്ലുഭരണികളിലെ
മഞ്ഞുകടലില്‍ മുങ്ങിമരവിച്ചു
വിത്തിന്റെ പേറ്റുനോവും
കടലിന്റെ ഗര്‍ജ്ജനവും
എങ്കിലും………

അടപ്പു തുറക്കുമ്പോള്‍
പുറത്തു ചാടാറുണ്ട്
‘അണ്ണാറക്കണ്ണാ എനിക്കൊരു
മാമ്പഴം’ എന്നൊരു തേങ്ങല്‍
‘ഒരു വട്ടം കൂടിയെന്‍’ എന്നൊരു
മൂളല്‍…….

സത്യങ്ങള്‍ ഉപ്പിലിട്ടാണ്
ചരിത്രങ്ങളുണ്ടാക്കുന്നത്..
വഞ്ചനയുടെ കമ്പോളങ്ങളില്‍
ഇപ്പോഴും വില്‍പ്പനയ്ക്കുണ്ട്
കണ്ണീരുപ്പിലിട്ട
ഏകലവ്യന്റെ പെരുവിരല്‍
ശൂര്‍പ്പണഖയുടെ മൂക്കും മുലയും…

ഫഌറ്റില്‍ നിന്ന് ചിലര്‍
വന്ന് വാങ്ങിക്കാറുണ്ട്
ഉപ്പിലിട്ട നാട്ടുവഴികള്‍
മാവിന്‍ ചുവടുകള്‍……

ചിലപ്പോള്‍
വൃദ്ധസദനങ്ങളിലേക്ക്
പൊതിഞ്ഞു വാങ്ങിക്കും
ഉപ്പിലിട്ട മാതൃസ്‌നേഹം
എവിടെയോ
നിലാവുിക്കുന്നതു
കാത്തുകിടപ്പുണ്ട്.

ഉപ്പിട്ട ചോറും
ഉപ്പിലിട്ട തലച്ചോറും
ഉപ്പോളം വരില്ല
ഉപ്പിലിട്ടത്
എങ്കിലും……………………..