കള്ളപ്പണമൊഴുകുന്നു; തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മലപ്പുറത്ത്‌ പിടിച്ചെടുത്തത്‌ 7 കോടി

Untitled-1 copyമലപ്പുറം: തെരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം തടയുന്നതിന്റെ ഭാഗമായി രൂപവത്‌കരിച്ച ഫ്‌ളയിങ്‌ സ്‌ക്വാഡും സ്റ്റാറ്റിക്‌ സര്‍വെലന്‍സ്‌ ടീമുകളും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 7.11 കോടിരൂപ പിടിച്ചെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച്‌ നാല്‌ മുതലുളള കണക്കാണിത്‌. ഏപ്രില്‍ 24 ലെ കണക്കുകള്‍ പ്രകാരം 6.09 കോടിയാണ്‌ പിടിച്ചെടുത്തത്‌. അതിന്‌ ശേഷം ഒരാഴ്‌ചക്കകം ഒരു കോടിയിലധികം രൂപയാണ്‌ പിടിച്ചെടുത്തത്‌. ഉറവിടം സംബന്ധിച്ച്‌ രേഖയില്ലാതെ യാത്രക്കാര്‍ കൈവശം വെച്ചിരുന്ന പണമാണ്‌ പിടിച്ചെടുത്തത്‌. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുളള ഫളയിങ്‌ സ്‌ക്വാഡുകള്‍, പൊലീസിന്റെ നേതൃത്വത്തിലുളള സ്റ്റാറ്റിക്‌ സര്‍വെലന്‍സ്‌ ടീമുകള്‍ എന്നിവയാണ്‌ തുക പിടിച്ചെടുത്തത്‌. എക്‌സൈസ്‌ വകുപ്പ്‌ വിവിധ പ്രദേശങ്ങളില്‍ നിന്നായി 26.5 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. പൊലീസും എക്‌സൈസും 869.760 ലിറ്റര്‍ വിദേശമദ്യം,883 ലിറ്റര്‍ വാഷ്‌, 69.093കിലോ കഞ്ചാവ്‌ എന്നിവയും പിടിച്ചെടുത്തു. 15 ബാഗ്‌ വെടിമരുന്ന്‌ ഫളയിങ്‌ സ്‌ക്വാഡും 246.5 കിലോ വെടിമരുന്ന്‌ പോലീസും പിടിച്ചെടുത്തു.
സ്‌ക്വാഡുകള്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ പിടിച്ചെടുക്കുന്ന പണം സമീപത്തെ ട്രഷറി സ്‌ട്രോങ്‌ റൂമുകളിലാണ്‌ സൂക്ഷിക്കുക. ഇതിനായി തെരഞ്ഞെടുപ്പ്‌ കഴിയുന്നത്‌ വരെ ജില്ലയിലെ മുഴുവന്‍ സബ്‌ ട്രഷറികളിലും 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്‌. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നരീക്ഷിക്കുന്ന തിനും ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുന്നതിനുമായി ജില്ലയിലെ 16 നിയമസഭാ മണ്‌ഡലങ്ങളിലും ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ നിരീക്ഷണം ശക്തമാണ്‌.
സ്ഥാനാര്‍ഥികളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ്‌ ചെലവു കണക്കുകളുടെ പരിശോധന, പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവര്‍ത്തനങ്ങള്‍, റാലികള്‍ തുടങ്ങിയവയുടെ നിരീക്ഷണം, വിഡിയോ റിക്കോഡിങ്‌ എന്നിവയാണ്‌ പ്രധാനമായും സ്‌ക്വാഡ്‌ നിര്‍വഹിക്കുന്നത്‌. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഭീഷണിപ്പെടുത്തല്‍, മദ്യം, ആയുധങ്ങള്‍, സ്‌ഫോടക വസ്‌തുക്കള്‍ എന്നിവ കൈവശം വെക്കുക, കൈമാറ്റം ചെയ്യുക തുടങ്ങിയവയും സ്‌ക്വാഡുകള്‍ നിരീക്ഷിക്കുന്നുണ്ട്‌.