കള്ളപ്പണക്കേസ്; അമിതാഭ് ബച്ചനടക്കം 50 പേര്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Amitabh Bachchan-Aishwarya Raiദില്ലി: നികുതി വെട്ടിക്കുന്നതിനായി വിദേശരാജ്യത്ത് കമ്പനികള്‍ തുടങ്ങിയെന്ന് സംശയിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മരുമകളും ഹിന്ദി നടിയുമായ ഐശ്വര്യ റായ്, അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡിഎല്‍എഫ് ഉടമ കെപി സിംഗ്, അദ്ദേഹത്തിന്റെ ഒമ്പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുള്‍പ്പെടെ 50 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. വിദേശത്ത് കമ്പനി തുടങ്ങാന്‍ അനുമതി തേടിയിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് വ്യക്തമാക്കേണ്ടത്. മൂന്ന് ദിവസത്തിനകം ഈ ചോദ്യാവലിക്ക് മറുപടി നല്‍കണം.
വിദേശത്തെ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബഹുമുഖ ഏജന്‍സിയെ നിയോഗിച്ചതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.