കള്ളന്‍ കപ്പലില്‍ തന്നെ…………?

മലപ്പുറം: എംഎസ്പി ക്യാമ്പില്‍ വീണ്ടും മോഷണം. പോലീസ് ക്ലബില്‍ നിന്നാണ് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സ്വര്‍ണ്ണമാല മോഷണം പോയത്. മലപ്പുറം സബ്ഇന്‍സ്‌പെക്ടര്‍ക്ക് മാല മോഷണം പോയതായി കാണിച്ച് സിഐ പരാതി നല്‍കിയിരിക്കുകയാണ്. ഭക്ഷണം കഴിക്കാനായി ക്ലബിലെത്തിയ സിഐ ബാഗില്‍ സൂക്ഷിച്ചിരുന്ന മാലയാണ് മോഷണം പോയത്

പലപ്പോഴായി ക്യാമ്പിലെ പോലീസുകാരുടെ ശമ്പളവും മൊബൈല്‍ ഫോണുമെല്ലാം മോഷണം പോയതായി ആക്ഷേപമുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ക്യാമ്പില്‍ നിന്ന് എഎസ്‌ഐയുടെ മൊബൈല്‍ ഫോണ്‍ കാണാതായത് വിവാദമായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഡോഗ്‌സ്‌ക്വാഡിലെ എഎസ്‌ഐ പിടിയിലായിരുന്നു. റിമാന്‍ഡിലായിരുന്ന ഇദ്ദേഹം ജാമ്യത്തിലിറങ്ങിയെങ്കിലും ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.

ക്യാമ്പിലുള്ള ഓഫീസേഴ്‌സ് ക്ലബില്‍ പുറമെ നിന്നുള്ള ഉദ്യോഗസ്ഥന്‍മാരാണ് താമസിക്കുന്നത്് കൂടാതെ ഇവിടെ ഡോഗ്‌സ്‌ക്വാഡിന് പ്രത്യേക മുറിയുണ്ട്. ഇതിനു പുറമെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള മുറിയും ഇവിടെയുണ്ട്. ഓഫീസര്‍മാരല്ലാതെ മറ്റൊരു പോലീസുകാരും ഇവിടെ ഉണ്ടാവാറില്ല.

വര്‍ദ്ധിച്ചുവരുന്ന മോഷണങ്ങള്‍ ഉന്നതര്‍ കണ്ടില്ലെന്നു നടിക്കുന്നതില്‍ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.