കളിയോടൊപ്പം കാര്യവുമായി കോഡൂരിലെ ‘കുട്ടി’ച്ചന്തകള്‍ക്ക്‌ തുടക്കം

child market 2കോഡൂര്‍:സ്‌കൂള്‍ അവധികാലം വിനോദത്തിന്‌ മാത്രമല്ല, വ്യാപാര-വാണിജ്യ രംഗത്തെ പ്രായോഗിക പരിശീലനത്തിന്റെ കാലം കൂടിയാണ്‌ കോഡൂരിലെ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്ക്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി കോഡൂരിലെ കുടുംബശ്രീ ബാലസഭയിലെ കുട്ടികള്‍ അവധിക്കാലത്തെ ആഘോഷിക്കുന്നത്‌ ‘കുട്ടി’ച്ചന്തയിലെ കച്ചവടങ്ങളിലൂടെയാണ്‌.
അതാത്‌ വാര്‍ഡ്‌ പ്രദേശങ്ങളിലെ കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക്‌ കീഴിലുള്ള ബാലസഭകള്‍ ചേര്‍ന്ന്‌ നാടിന്റെ ഉള്‍പ്രദേശങ്ങളില്‍ വീടുകളില്‍ ലഭ്യമായ മേശയും കസേരയും നാടന്‍ പന്തലുമൊരുക്കി തികച്ചും ഗ്രാമീണ രൂപത്തില്‍ ഇടവഴിയോരങ്ങളിലാണ്‌ ‘കുട്ടി’ച്ചന്തകള്‍ സജീവമാക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ നോട്ട്‌ബുക്കും പേനയും പെന്‍സിലും കുടയും ബേഗും തുടങ്ങി, വിവിധയിനം മിഠായികളും അച്ചാറുകളും നിറഞ്ഞ ചന്തയില്‍ അവിലുകുഴച്ചതും ഉണ്ണിയപ്പവും ഇറച്ചിയും പൂളയും മുതല്‍ പ്രാദേശികമായി വിളഞ്ഞ വിഷമില്ലാത്ത പച്ചക്കറികള്‍ വരെയുണ്ട്‌.
രണ്ടാം വാര്‍ഡ്‌ വടക്കേമണ്ണയിലെ ‘കുട്ടി’ ചന്തയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി നിര്‍വ്വഹിച്ചു. വാര്‍ഡ്‌ അംഗം കെ.പി. സബ്‌ന ഷാഫി അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്‌ന മോള്‍ ആമിയന്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം എം.കെ. മുഹസിന്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സജീന മേനമണ്ണില്‍, കെ. ഹാരിഫ റഹ്‌മാന്‍, ഗ്രാമപഞ്ചായത്ത്‌ അസി.സെക്രട്ടറി സീതാലക്ഷ്‌മി, ഷാജു പെലത്തൊടി, സി.എച്ച്‌. റഫീഖ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

child market 1ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്‌ ചെമ്മങ്കടവില്‍ ഹാപ്പിവുമണ്‍സ്‌ കുടുംബശ്രീ അയല്‍ക്കുട്ടത്തിന്‌ കീഴിലുള്ള ദോസ്‌ത്‌ ബാലസഭയുടെ മൂന്നാം വാര്‍ഷത്തെ ‘കുട്ടി’ ചന്ത ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ അംഗം കെ. ഹാരിഫ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍, ഗ്രാമപഞ്ചായത്ത്‌ അംഗം അബ്‌്‌ദുന്നാസര്‍ കുന്നത്ത്‌, ബാലസഭാ ഭാരവാഹികളായ കെ. മെഹ്‌ഫില്‍, ഫാത്തിമ നിഹ, അബ്ദുല്‍ മുനീര്‍, എ. റിസ്‌വാന, ഫാത്തിമ സുഹ്‌റ, മുഖ്യസംഘാടകരായ കെ. കുഞ്ഞാലന്‍, ടി. ഗോപി എന്നിവര്‍ സംസാരിച്ചു.