കളിമണ്‍ ഉത്‌പന്നങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

dtpc malappuramമലപ്പുറം: നിര്‍മാണത്തിലെ തനിമ നിലനിര്‍ത്തി വൈവിധ്യങ്ങളായ കളിമണ്‍ ഉത്‌പന്നങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമാവുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ‘ഒരു വീട്ടില്‍ ഒരു മണ്‍ ഉത്‌പന്നം’ കാംപയ്‌ന്റെ ഭാഗമായി കോട്ടക്കുന്നിലാണ്‌ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുള്ളത്‌. നിലമ്പൂര്‍ അരുവാക്കോട്‌ ‘കുംഭം’ സൊസൈറ്റിയുമായി സഹകരിച്ചാണ്‌ പ്രദര്‍ശനം നടത്തുന്നത്‌. അരുവാക്കോട്ടെ കുംഭാരന്‍മാരുടെ കൂട്ടായ്‌മയാണ്‌ ‘കുംഭം’. പ്രദര്‍ശനം ഇന്ന്‌ സമാപിക്കും.

150ല്‍പ്പരം ഉത്‌പന്നങ്ങളാണ്‌ പ്രദര്‍ശനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്‌. കറിച്ചട്ടികള്‍, കൂജകള്‍, മാജിക്‌ കൂജ, ജഗ്‌, മഗ്‌, കപ്പ്‌, ഗ്ലാസ്‌, തൈര്‌ പാത്രം തുടങ്ങിയവയും അലങ്കാര ഉത്‌പന്നങ്ങളായ കുങ്കുമച്ചെപ്പ്‌, മെഴുകുതിരി സ്റ്റാന്റ്‌, പെന്‍ ഹോള്‍ഡര്‍, നിലവിളക്ക്‌, ഗണപതി ഗാര്‍ഡന്‍ ലാമ്പ്‌, ഗാര്‍ഡന്‍ ജാര്‍, ബേര്‍ഡ്‌ ബാത്ത്‌, മാസ്‌കുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്‌. ഗ്യാസ്‌ സ്റ്റൗവിലും മൈക്രോവേവിലും ഉപയോഗിക്കാന്‍ കഴിയുന്ന രാസവസ്‌തുക്കള്‍ ഇല്ലാത്ത കറിച്ചട്ടികളും പ്രദര്‍ശനത്തിലുണ്ട്‌. വെള്ളം തണുപ്പിക്കാന്‍ പല തരം കൂജകള്‍, ചുമരുകള്‍ക്ക്‌ ഭംഗിയേകാന്‍ ടെറാക്കോട്ട മ്യൂറല്‍സ്‌ ( ചുമര്‍ ചിത്രങ്ങള്‍), സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ എന്നിവയും കാണാം. യന്ത്രങ്ങളുടെ സഹായമില്ലാതെ കൈ കൊണ്ട്‌ ഉരസിയാണ്‌ പാത്രങ്ങള്‍ ആകര്‍ഷകമാക്കിയിരിക്കുന്നത്‌.

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഇവരുടെ ഉത്‌പന്നങ്ങള്‍ മെച്ചപ്പെട്ട വിലയും കൂടുതല്‍ വിപണിയും കണ്ടെത്താനാണ്‌ ഡി.ടി.പി.സി കാംപയ്‌ന്‍ നടത്തുന്നത്‌. ഹോ്‌ട്ടലുകള്‍, റസ്‌റ്ററന്റുകള്‍ എന്നിവയിലൂടെ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാന്‍ പദ്ധതിയുണ്ട്‌. ടൂറിസം ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച്‌ എല്ലാ പഞ്ചായത്തിലും വിപണി കണ്ടെത്തുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കുന്നുണ്ട്‌. ജില്ലയില്‍ നടപ്പാക്കിയ ശേഷം സംസ്ഥാനമൊട്ടുക്കും ക്യാംപയ്‌ന്‍ വ്യാപിപ്പിക്കാന്‍ ടൂറിസം വകുപ്പ്‌ ആലോചിക്കുന്നുണ്ട്‌.

കാംപയ്‌ന്‍ ഉദ്‌ഘാടനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫ, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദ്‌, ടൂറിസം വകുപ്പ്‌ പ്ലാനിങ്‌ ഓഫീസര്‍ ഡോ. ഉദയകുമാര്‍, ഡി.ട.ിപി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ , ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗങ്ങളായ എ.കെ.എ നസീര്‍, എം.കെ മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്തു.