കല്‍ക്കരിക്കേസ്‌ പ്രതിക്ക്‌ പാസ്‌പോര്‍ട്ട്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ സമ്മര്‍ദം;സുഷമ സ്വരാജ്‌

sushama swarajദില്ലി: ലളിത്‌ മോദി വിഷയത്തില്‍ തന്റെ രാജി ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്സുകാരെ ഒതുക്കാന്‍ പ്രതിരോധ തന്ത്രവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌. കല്‍ക്കരിക്കേസ്‌ പ്രതിയായ മുന്‍ കേന്ദ്രമന്ത്രി സന്തോഷ്‌ ബഗ്രോഡിയക്ക്‌ പാസ്‌പോര്‍ട്ട്‌ അനുവദിക്കാന്‍ കോണ്‍ഗ്രസ്‌ നേതാവ്‌ തനിക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും നേതാവിന്റെ പേര്‌ ഇന്ന്‌ പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെന്നും സുഷമ സ്വരാജ്‌ ട്വിറ്ററിലൂടെ വ്യക്തമാക്കി.
എന്നാല്‍ എം പി എന്ന നിലക്ക്‌ അപേക്ഷിക്കാവുന്ന ഡിപ്ലോമാറ്റിക്‌ പാസ്‌പോര്‍ട്ടുമാത്രമാണ്‌ ബഗ്രോഡിയ അപേക്ഷിച്ചതെന്ന്‌ അദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മന്‍മോഹന്‍ സിങ്‌ മന്ത്രിസഭയിലെ കല്‍ക്കരി സഹമന്ത്രിയായിരുന്നു സന്തോഷ്‌ ബഗ്രോഡിയ. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ കമ്പനിക്ക്‌ അനധികൃതമായി കല്‍ക്കരിപ്പാടം അനുവദിക്കാന്‍ ഇദേഹം ശ്രമിച്ചുവെന്നാണ്‌ ആരോപണം.

ആരോപണ വിധേയരായ സുഷമ സ്വരാജ്‌, ശിവരാജ്‌ സിംഗ്‌ ചൗഹാന്‍, വസുന്ധര രാജെ തുടങ്ങിയവരെ നീക്കം ചെയ്യാതെ പാര്‍ലമെന്റ്‌ നടപടികള്‍ സ്‌തംഭിപ്പിക്കുമെന്ന്‌ കഴിഞ്ഞ ദിവസം പ്രതിപക്ഷം നിലപാട്‌ വെളിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന്‌ ഇന്നലെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സഭ സ്‌തംഭിച്ചിരുന്നു.