കലോത്സവ ഘോഷയാത്ര ചരിത്ര സംഭവമാകും

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന 53-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഘോഷയാത്ര കലോത്സവ ചരിത്രത്തിലെ ഏറ്റവും മികച്ചതാക്കാന്‍ ഘോഷയാത്രാ കമ്മിറ്റി തീരുമാനം. 12,000 കുട്ടികളാണ് ഘോഷയാത്രയില്‍ അണിനിരക്കുക. ചെണ്ടമേളം, ശിങ്കാരിമേളം, പുലിക്കളി, തെയ്യം, കാവടിയാട്ടം, പഞ്ചവാദ്യം, പൂക്കാവടി, പൂരക്കളി, തിറ, കുറത്തിക്കളി, പൂക്കളി, നരിക്കളി, ജിംനാസ്റ്റിക്, കരാട്ടെ,കുങ്ഫു, വുഷു, കളരിപ്പയറ്റ്, സ്‌കിപ്പിങ്, പൊയ്കാല്‍, റോളര്‍ സ്‌കേറ്റിങ്, കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, അറബനമുട്ട്, വട്ടപ്പാട്ട്, തിരുവാതിര, വട്ടക്കളി, മാര്‍ഗം കളി എന്നീ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അവതരിപ്പിക്കും. ഇതിന് പുറമെ നിശ്ചല ദൃശ്യങ്ങള്‍ ബാന്‍ഡ് വാദ്യങ്ങള്‍, മുത്തുക്കുടകള്‍, വര്‍ണപ്പകിട്ടേറിയ ബലൂണുകള്‍, വ്യത്യസ്ത നിറത്തിലുളള യൂനിഫോമുകള്‍, തൊപ്പികള്‍ എന്നിവ ഘോഷയാത്ര മനോഹരമാക്കും. സ്‌കൗട്ട്‌സ് & ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് – പൊലീസ് കേഡറ്റ്, തുടങ്ങിയവര്‍ അണിനിരക്കും.

ഘോഷയാത്ര ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നതുവരെയുളള മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മൂന്ന് ലക്ഷത്തോളം ആളുകള്‍ ഘോഷയാത്ര വീക്ഷിക്കാനുണ്ടാവും എന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.

ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുള്‍പ്പെടെയുളള 14,000 പേര്‍ക്ക് ലഘുഭക്ഷണവും പാനീയവും നല്‍കും. ഘോഷയാത്രാ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണമോ കുടിവെളളമോ വിതരണം ചെയ്യാന്‍ സംഘടനകളെയോ വ്യക്തികളെയോ അനുവദിക്കില്ലെന്ന് ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അറിയിച്ചു. ഭക്ഷ്യ വിഷബാധയോ മറ്റ് തരത്തിലുളള പ്രശ്‌നങ്ങളോ ഉണ്ടാവാതിരിക്കാനുളള മുന്‍കരുതലിന്റെ ഭാഗമായാണിത്. കുടിക്കാനുളള തിളപ്പിച്ചാറിയ വെളളം പൊലീസ് അസോസിയേഷന്‍ നല്‍കും.
മുന്‍കൂര്‍ അനുമതി വാങ്ങാതെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും ഘോഷയാത്രയില്‍ അണിനിരക്കാനോ നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കാനോ പറ്റില്ല. മുന്‍കൂര്‍ അനുമതിക്ക് അതത് പഞ്ചായത്ത് അധികൃതരെ ഡിസംബര്‍ 15 നകം സമീപിച്ച് അവതരിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടിയുടെയും നിശ്ചല ദൃശ്യത്തിന്റെയും ആശയവും അവതരണ രീതിയും ബോധ്യപ്പെടുത്തിയാണ് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടത്.

കലോത്സവ ഘോഷയാത്രയ്ക്ക് വാഹന ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമുളളതിനാല്‍ ജില്ലയിലെ പൊലീസുദേ്യാഗസ്ഥരെ ജില്ലയ്ക്ക് പുറത്ത് മറ്റ് ഡ്യൂട്ടിക്ക് നിയമിക്കരുതെന്ന് സര്‍ക്കാറിനോടാവശ്യപ്പെടും. ഘോഷയാത്ര വിജയിപ്പിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് ഒരു നിശ്ചിത തുക ചെലവഴിക്കാനുളള അനുമതി നല്‍കണമെന്ന് പഞ്ചായത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ഘോഷയാത്രയില്‍ അണിനിരക്കുന്ന കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന പ്രൊഫഷനല്‍ സംഘങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതിനും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരമുണ്ട്. താത്പര്യമുളളവര്‍ ഡിസംബര്‍ മൂന്നിനകം സംഘാടക സമിതിയെ സമീപിക്കണം.

നഗരത്തിലെ മുഴുവന്‍ കടകളും അലങ്കരിക്കുന്നതിന് പുറമെ ഘോഷയാത്രയില്‍ ശിങ്കാരി മേളം അവതരിപ്പിക്കുന്ന പ്രൊഫഷനല്‍ സംഘത്തെ സ്‌പോണ്‍സര്‍ചെയ്തതും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍സിപ്പല്‍ കമ്മിറ്റിയാണ് തെയ്യവും കാവടിയാട്ടവും സ്‌പോണ്‍സര്‍ ചെയ്തത് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയാണ്.