കലിക്കറ്റ് വിസിക്ക് ലോകായുക്തയുടെ നോട്ടീസ്

തേഞ്ഞിപ്പലം : സര്‍വ്വകലാശാലാ ചട്ടംലംഘിച്ച് നിയമനം നടത്തിയെന്ന പരാതിയില്‍ കലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിന് ലോകായുക്ത നോട്ടീസ് അയച്ചു. സര്‍വ്വകലാശാലയിലെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വി, സ്റ്റാലിന്‍ അഡ്വ. ചെറൂന്നിയൂര്‍ ശശിധരന്‍ നായര്‍ മുഖേന നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് നടപടി.

മുന്‍ വൈസ് ചാന്‍സ്‌ലറും മെട്രോ റയില്‍ കോര്‍പ്പറേഷന്‍ മാനേജിംങ് ഡയറക്ടറുമായ ടോം ജോസ്, മുന്‍ രജിസ്ട്രാര്‍ പി.പി. മുഹമ്മദ്, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. എം.വി. ജോസഫ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. എതിര്‍ കക്ഷികളുടെ മറുപടിക്കും വാദം കേള്‍ക്കുന്നതിനുമായി കേസ് മാര്‍ച്ച് 28ലേക്ക് മാറ്റി.

കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ച എം.ഭാസ്‌കരനെ എസ്‌റ്റേറ്റ് ഓഫീസറായി നിലവിലില്ലാത്ത തസ്തികയില്‍ നിയമിച്ചതായി ഹര്‍ജിയില്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ എറ്റെടുത്ത് സര്‍വ്വകലാശാലയുടെ വികസനത്തിനായി നല്‍കിയ കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ എട്ട് ഏക്കര്‍ സ്ഥലം എന്‍സിസിക്ക് കൈമാറിയതും സി.എച്ച്. മുഹമ്മദ് കോയ ചെയറിന് 10 ഏക്കര്‍ നല്‍കാന്‍ തീരുമാനിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സിന്‍ഡിക്കേറ്റ് തീരുമാനങ്ങളും ഉത്തരവുകളും ലംഘിച്ച് ഐഡന്റിറ്റി കാര്‍ഡ് നിര്‍മ്മിക്കാന്‍ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തിയതും 9.6 ശതമാനം മാത്രം ഹാജരുള്ള എല്‍എല്‍ബി വിദ്യാര്‍ത്ഥിക്ക് ഹാള്‍ടിക്കറ്റ് നല്‍കാന്‍ അപേക്ഷയില്‍ തന്നെ ഉത്തരവ് നല്‍കിയതും ലോകായുക്ത മുമ്പാകെ ചോദ്യം ചെയ്തിട്ടുണ്ട്.