കലാഭവന്‍ മണിയുടേത്‌ സ്വാഭാവിക മരണമാണെന്ന്‌ പോലീസിന്റെ പ്രാഥമിക നിഗമനം

Kalabhavan-maniതൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതും. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവികതയോ മെഥനോളിന്റെ സാന്നിധ്യമോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പ്രാഥമികമായി മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. ഡിവൈഎസ്പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തുന്നത്. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ, കേസില്‍ കൃത്യമായ നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയുള്ളൂ.

മണിയോടൊപ്പം ഒടുവില്‍ ഉണ്ടായിരുന്ന ചലച്ചിത്രതാരം ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള അഞ്ച് സുഹൃത്തുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഔട്ട്ഹൗസില്‍ ചോര ശര്‍ദിച്ച നിലയില്‍ കണ്ടെത്തിയ മണിയെ, ഈ സുഹൃത്തുക്കള്‍ തന്നെയാണ് ആദ്യം ചാലക്കുടിയിലെയും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലും എത്തിച്ചത്. മണിക്ക് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നു എന്ന് തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത്. മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ മണിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മരണത്തിന്റെ തലേ ദിവസവും മണി മദ്യപിച്ചിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

മെഥനോള്‍ ശരീരത്തിലെത്തിയത് വ്യാജ ചാരായത്തിലൂടെയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എങ്ങനെ മണിക്ക് വ്യാജചാരായം ലഭിച്ചുവെന്നതും പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട്. രാസപരിശോധനാ റിപ്പോര്‍ട്ട് വരും വരെ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം. കാക്കനാട് ലബോറട്ടറിയാലാണ് മണിയുടെ ആന്തികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

Related Articles