കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി; രാസ പരിശോധനാ ഫലം പുറത്ത്

maniകൊച്ചി: കലാഭവന്‍ മണിയുടെ രാസപരിശോധനാ ഫലം പുറത്തു വന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന ക്ലോര്‍ പിരിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല് മെഥനോളിന്റെ അംശം കുറവായിരുന്നു. കാക്കനാട്ടെ റീജിയണല്‍ അനലെറ്റിക്കല്‍ ലാബിലാണ് പരിശോധന നടന്നത്. രാസപരിശോധനാ ഫലം ഉടന്‍ അന്വേഷണ സംഘത്തിന് കൈമാറും.

കരള്‍ രോഗത്തിന് മരുന്ന് കഴിക്കുന്നതാല്‍ മദ്യം കഴിച്ചപ്പോള്‍ മരുന്ന് കലര്‍ന്ന് രാസപ്രവര്‍ത്തനം വഴി വിഷാംശം ഉണ്ടായതാണെന്ന സംശയവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മണിക്ക് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നതായി വ്യക്തമായിരുന്നു. കരള്‍ രോഗം കൂടുതലാണെന്നിരിക്കെ ചാരായം കഴിച്ചത് മരണത്തിന് കാരണമാക്കിയതെന്നാണ് സൂചന.

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മണിയുടെ ഭാര്യ നിമ്മി പ്രതികരിച്ചു. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കരള്‍ രോഗമുണ്ടായിരുന്നുവെന്ന് മണി തന്നെ അറിയിച്ചിരുന്നില്ലെന്നും നിമ്മി പറഞ്ഞു. ചാലക്കുടിയിലെ പാഡിയിലെത്തി മണി മദ്യപിക്കാറുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കാറുണ്ടായിരുന്നുവെന്ന് നിമ്മി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മണിക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും നിമ്മി പറഞ്ഞു.

അതേസമയം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള മൂന്ന്പേരെ ഇന്ന് ചോദ്യം ചെയ്യും. മണിയുടെ സഹായികളും സുഹൃത്തുക്കളുമായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.മണി ആശുപത്രിയിലായ ദിവസം ഔട്ട്ഹൌസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. ഇവര്‍ തെളിവ് നശിപ്പിച്ചതായി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.ഇവര്‍ ഔട്ട്ഹൌസ് വുത്തിയാക്കാന്‍ എത്തിയിരുന്നതായി സമീപത്തെ കടക്കാരനും മൊഴി നല്‍കി. അതേസമയം പാഡിയില്‍ ചാരായം ഉപയോഗിച്ചതിന് പൊലീസിന് തെളിവുലഭിച്ചു. മണിയുടെ സുഹൃത്തുക്കളും നാട്ടുകാരുമാണ് ഇതു സംബന്ധിച്ച് മൊഴി നല്‍കിയത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ വിപുലീകരിച്ചേക്കുമെന്നും പറയുന്നു.

Related Articles