കുടിച്ചും ഫോണ്‍വിളിച്ചും വാഹനമോടിച്ചാല്‍ കര്‍ശന നടപടി

ഡല്‍ഹി : കര്‍ശന ഉപാധികളോടെ പുതുക്കിയ, പുതിയ മോട്ടോര്‍ വാഹനനിയമം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഗതാഗതസുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിയമം. ട്രാഫിക് നിയമ ലംഘനത്തിനും മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നത്. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴയും തടവു ശിക്ഷയും വരെ ലഭിക്കും.

ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവയില്ലാതെ യാത്ര ചെയ്യുന്നവര്‍ പുതിയ നിയമപ്രകാരം 500 മുതല്‍ 1500 രൂപ വരെ പിഴയടക്കേണ്ടി വരും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് രക്തത്തിലെ മദ്യത്തിന്റെ അളവ് അനുസരിച്ച് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

 

ഡ്രൈവു ചെയ്യുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്നവര്‍ ആദ്യതവണ 500 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 5000 രൂപവരെയും പിഴ നല്‍കേണ്ടി വരും. പുതുക്കിയ മോട്ടോര്‍ വാഹനനിയമം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.