കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ലാവലിന്‍ കമ്പനി ഹൈക്കോടതിയില്‍

SNC Lavalin signതിരുവനന്തപുരം: കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്‌എന്‍സി ലാവലിന്‍ ഹൈക്കോടതിയെ സമീപിച്ചു. ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം കെ എം ഷാജഹാനും ലാവ്‌ലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രണ്ട്‌ തവണ കാരണം കാണിക്കല്‍ നോട്ടീസും ഒരു തവണ സമന്‍സും കമ്പനിക്ക്‌ അയച്ചിട്ടുണ്ടെന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപെട്ടാണ്‌ കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്‌.

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം,പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്‌, കനേഡിയന്‍ കമ്പനിയായ എസ്‌എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ്‌ ലാവ്‌ലിന്‍ കേസിന്‌ നിദാനം. പ്രസ്‌തുത കരാര്‍ ലാവലിന്‍ കമ്പനിക്ക്‌ നല്‍കുന്നതിന്‌ പ്രത്യേക താല്‌പര്യം കാണിക്കുക വഴി സംസ്ഥാനത്തിന്‌ 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ്‌ ലാവലിന്‍ കേസിലെ പ്രധാന ആരോപണം.