കരസേനാമേധാവിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത് മുന്‍ ലഫ്. ജനറല്‍; എ.കെ ആന്റണി.

ന്യൂഡല്‍ഹി: മുന്‍ ലഫ്.ജനറല്‍ തേജീന്ദര്‍ സിംങാണ് കരസേനാമേധാവി വി.കെ സിംങിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതെന്ന് എ.കെ ആന്റണി. പാര്‍ലിമെന്റില്‍ വന്‍ബഹളത്തിനിടയാക്കിയ പ്രതിരോധവകുപ്പുകള്‍ക്കുള്ള വാഹനങ്ങളുടെ ഇടപാടിലെ അഴിമതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രതിരോധമന്ത്രി എ.കെ ആന്റണി. താനൊരിക്കലും അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും കരസേനയിലെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും എ.കെ ആന്റണി വ്യക്തമാക്കി. വാഹനഇടപാടില്‍ കരസേനാമേധാവി വി.കെ സിംങിന് കൈക്കൂലി വാഗ്ദാനം ചെയ്ത വിവരം തന്നെ അറിയിച്ചിരുന്നതായും ആന്റണി പറഞ്ഞു.
പ്രതിരോധവകുപ്പിനാവശ്യമായ വാഹനങ്ങള്‍ക്കുവേണ്ടിയുള്ള ഇടപാടില്‍, നിലവാരമില്ലാത്ത വാഹനങ്ങള്‍ വാങ്ങുന്നതിന് 14 കോടി രൂപയാണ് തേജീന്ദര്‍സിംങ് വാഗ്ദാനം ചെയ്തത്. ഈ സംഭവത്തെ കുറിച്ച് വി.കെ സിംങ് എന്നോടു പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ആന്റണി കൂട്ടിചേര്‍ത്തു.
വളരെ വികാരാധീനനായാണ് പ്രതിരോധമന്ത്രി എ.കെ ആന്റണി ഈ വിഷയത്തില്‍ പ്രതികരിച്ചത്. തന്റെ ജീവിതത്തില്‍ ഒരിടത്തും താന്‍ അഴിമതിയുമായി സന്ധിചെയ്തിട്ടില്ലെന്നും ഞാന്‍ തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കാമെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് കരസേനയിലെ അഴിമതിക്കാരെ ശിക്ഷിക്കുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍സിംങ് മാനനഷ്ടത്തിന് കേസ് നല്‍കി.

ജനറല്‍ വി.കെ.സിംങിനെതിരെ ആരോപണവിധേയനായ ലഫ്.ജനറല്‍ തേജീന്ദര്‍ സിംങ് മാനനഷ്ടത്തിന് കേസ് നല്‍കി. കുറ്റാരോപണം ഇന്നലെ തന്നെ തേജീന്ദര്‍സിംങ് നിഷേധിച്ചിരുന്നു. ആരോപണത്തിനെതിരെ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും ഇതിന്റെ ഭാഗമായാണ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തതെന്നും ഇദ്ദേഹം അറിയിച്ചു.