കരസേനാമേധാവിക്ക് കൈക്കൂലി വാഗ്ദാനം; സിബിഐ അന്വേഷിക്കും

ദില്ലി: കരസേനാമേധാവി വി.കെ സിംങിന് സൈന്യത്തില്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ്ആന്റണി വ്യക്തമാക്കി.

‘ദ ഹിന്ദു പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് വി.കെ സിംങ് രാജ്യത്തെ സൈന്യത്തിലുളള അഴിമതിയെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ഇൗ അഭിമുഖം പാര്‍ലിമെന്റില്‍ വന്‍ ബഹളത്തിനിടയാക്കുകയും ഇരു സഭകളും സംതഭിക്കുകയും ചെയ്തു. സഭ ഉച്ചവരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷം ഇൗ വിഷയത്തില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രതികരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

അഭിമുഖത്തില്‍ പ്രധാനമായും വി.കെ സിംങ് പറഞ്ഞത്, ‘െൈസന്യത്തിലേക്ക് നിലവാരം കുറഞ്ഞ 600 വാഹനങ്ങള്‍ വാങ്ങാന്‍ കരാര്‍ നല്‍കിയാല്‍ കോഴ നല്‍കാമെന്നായിരുന്നു ഇടനിലക്കാരുടെ വാഗ്ദാനം. സൈന്യത്തില്‍ മുന്‍കാലങ്ങളില്‍ വാങ്ങിയ നിലവാരം കുറഞ്ഞ 7000 വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ ഉപയോഗത്തിലുണ്ട്. അന്യായവില കൊടുത്താണ് മുന്‍ വര്‍ഷങ്ങളില്‍ ഇവ വാങ്ങിയിരുന്നതെന്നും ജനറല്‍ സിംങ് തുറന്നടിച്ചു. സൈന്യത്തിന് വാഹനങ്ങള്‍ നല്‍കാന്‍ ശരിയായ മാര്‍ഗ്ഗത്തിലുളള ഒരു സംവിധാനവും ഇതുവരെയും രൂപീകരിച്ചിട്ടില്ലെന്നും അറിയിച്ച സിംങ്, തന്നെ സന്ദര്‍ശിച്ച ഇടപാടുകാരില്‍ ഒരാള്‍ പണം എടുത്ത് തന്റെ മുമ്പില്‍വച്ചുവെന്നും വ്യക്തമാക്കി.

 

ഇടപാടുകാര്‍ക്കൊപ്പമെത്തിയവരില്‍ ഒരാള്‍ സൈനികനായിരുന്നു. അയാള്‍ അടുത്തകാലത്താണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ഇക്കാര്യങ്ങള്‍ താന്‍ ആന്റണിയോട് വ്യക്തമാക്കിയിരുന്നു’ അഭിമുഖത്തില്‍ സിംങ് വ്യക്തമാക്കുന്നു.
സിബിഐ അന്വേഷണത്തിന് ഉത്തരവിടുമ്പോഴും ഈ ആരോപണത്തെകുറിച്ച് നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. ഈ വിവരമറിഞ്ഞിട്ടും പ്രതിരോധമന്ത്രി എ.കെ ആന്റണി എന്തുകൊണ്ട് ഒരന്വേഷണത്തിന് ഉത്തരവിട്ടില്ല. ജനറല്‍ വി.കെ സിംങ് തന്നെ, തന്നെ ഇടനിലക്കാര്‍ പണവുമായി സമീപിച്ചപ്പോള്‍ കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. റിട്ടയര്‍ ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇപ്പോള്‍ മാത്രമെന്താണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്?
ബൊഫോഴ്‌സ് പോലെ, കാര്‍ഗില്‍ സൈനികരുടെ ശവപ്പെട്ടി കുംഭകോണം പോലെ, ആദര്‍ശ് ഫഌറ്റ് അഴിമതി പോലെ, ഈ ്അഴിമതി വിവാദവും ഇന്ത്യന്‍ രാഷ്ട്രീയത്തെ വന്‍ ചലനങ്ങള്‍ക്കു വിധേയമാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.