കമ്മീഷന്‍ കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

Fwd_-koigihi1_1_12_2470277fതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. കമ്മീഷന്‍ കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 11ആം തീയതി മുതല്‍ കടകള്‍ അടച്ചിടാന്‍ കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പ്രസിഡന്റായ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സര്‍ക്കാരിന് എതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ നല്‍കാനുള്ള 80 കോടി രൂപയില്‍ 10 കോടി രൂപ മാര്‍ച്ച് 30 നകം കൊടുത്തു തീര്‍ക്കുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് ഈ മാസം 11 മുതല്‍ അനിശ്ചിത കാലത്തേക്ക് കടകളടച്ചിടാനുള്ള തീരുമാനം

സൗജന്യ റേഷന്‍ അനുവദിച്ചപ്പോള്‍ വ്യാപാരികളുടെ ഡിപ്പോയിലുള്ള സ്റ്റോക്കിന്റെ വിലയും സര്‍ക്കാര്‍ നല്കിയില്ല. ഒപ്പം ഏപ്രില്‍ മുതല്‍ വെട്ടികുറച്ച റേഷന്‍ വിഹിതവും പുന:സ്ഥാപിച്ചില്ലെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഏതായാലും തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സമരം നടത്താനുള്ള റേഷന്‍ വ്യാപാരികളുടെ നീക്കം സര്‍ക്കാരിന് തലവേദനയാവും