കമലിന്റെ കോലം കത്തിച്ചു

സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ കരുണാകര വിരുദ്ധ പരാമര്‍ശമുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ കമലിന്റെ കോലം കത്തിച്ചു.

കോഴിക്കോട് കൈരളി തിയ്യേറ്ററിന് മുന്നില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം അരങ്ങേറിയത്. തിയ്യേറ്ററിന് പുറത്ത് സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു.

ഇന്നലെ പ്രഖ്യാപിച്ച ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും മികച്ച ചിത്രമടക്കം എട്ടോളം പുരസ്‌കാരങ്ങള്‍ നേടിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രിയും സാംസ്‌ക്കാരിക മന്ത്രിയുമായിരുന്ന കെ കരുണാകരനെയും അന്നത്തെ സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഐഎഎസിനെ കുറിച്ചും ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് ആരോപണം.

മലയാളത്തിലെ ആദ്യ ചിത്രമായ് വിഗതകുമാരന് ആ പദവി നല്‍കാതെ ‘ബാലന്‍’ ആദ്യ മലയാള സിനിമയായി തിരഞ്ഞെടുത്തതിന് പിന്നില്‍ ഇവരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന സൂചന ചിത്രം നല്‍കുന്നു എന്നാണ് ഒരാരോപണം.

ജെ സി ഡാനിയലിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് അവശകലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍പോലും അന്നത്തെ ഭരണകൂടം നിഷേധിച്ചുവെന്ന സൂചനയും ചിത്രം നല്‍കുന്നുണ്ട്. ഇതാണ് കരുണാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്. കെ മുരളീധരനും പത്മജയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.