കന്യകുമാരി-ബംഗളൂരു ഐലന്റ്‌ എക്‌സപ്രസ്‌ പാളം തെറ്റി;10 പേര്‍ക്ക്‌ പരിക്ക്‌

island expressസേലം: കന്യാകുമാരി ബംഗളൂരു ഐലന്റ്‌ എക്‌സ്‌പ്രസ്‌ പാളംതെറ്റി. പത്തോളം പേര്‍ക്ക്‌ പരിക്കേറ്റതായി റിപ്പോര്‍ട്ട്‌. തമിഴ്‌നാട്‌ കര്‍ണാടക അതിര്‍ത്തിയിലെ പച്ചൂരിനും സോമനായകം പെട്ടിക്കും ഇടയിലാണ്‌ അപകടമുണ്ടായത്‌. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. ബംഗളൂരുവില്‍ നിന്ന്‌ 127 കിലോമീറ്റര്‍ ദൂരെയാണ്‌ അപകടം ഉണ്ടായത്‌.

എസ്‌ എട്ട്‌ മുതല്‍ എസ്‌ 11 വരെയുള്ള നാലു ബോഗികളാണ്‌ പാളം തെറ്റിയത്‌. ഉയരത്തിലുള്ള റെയില്‍വേ ട്രാക്കിനെ തൊട്ടു താഴെ കൂടി റോഡ്‌ കടന്നുപോകുന്നുണ്ട്‌. എന്നാല്‍ പാളം തെറ്റിയ തീവണ്ടി താഴേക്ക്‌ മറിയാതിരുന്നത്‌ വലിയ ദുരന്തമാണ്‌ ഒഴിവാക്കിയതെന്ന്‌ യാത്രകാര്‍ പറഞ്ഞു.

ആള്‍താമസമില്ലാത്ത സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയാണ്‌ ആരംഭിച്ചത്‌. അപകടകാരണം അറിവായിട്ടില്ല. അപകടത്തെ തുടര്‍ന്ന്‌ ബംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്‌. പല തീവണ്ടികളും വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്‌.