കന്നുകാലികളുടെ ജഡം സംസ്‌കരിക്കുന്ന ജോലി ദളിതര്‍ നിര്‍ത്തി

അഹമ്മദാബാദ്: ഗോവധത്തിന്റെ പേരില്‍ ഗുജറാത്തിലെ ഉനയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ദളിതര്‍. കന്നുകാലികളുടെ ജഡം സംസ്‌കരിക്കുന്ന ജോലിയില്‍ നിന്നും പിന്‍മാറിക്കൊണ്ടാണ് ഏതാനും പേര്‍ രംഗത്തെത്തിയിരിക്കുന്നത്. പരമ്പരാഗതമായി ചത്ത മൃഗങ്ങളുടെ തൊലിയുരിയുന്ന തൊഴില്‍ ചെയ്യുന്ന ദളിതുകള്‍ ഒരാഴ്ചയോളമായി ജോലി ബഹിഷ്‌കരിച്ചുവരികയാണ്.

ഗോ രക്ഷകരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ദളിതുകളുടെ ജോലി ബഹിഷ്‌കരണം മൂലം സുരേന്ദ്രനഗര്‍ പോലുള്ള നഗരത്തില്‍ ചത്ത മൃഗങ്ങളുടെ ജഡം സംസ്‌കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണ്. മുനിസിപ്പാലിറ്റിയിലെ ചില ഉദ്യോഗസ്ഥരുടേയും കന്നുകാലികളെ വളര്‍ത്തുന്നവരുടേയും സഹായത്തോടെയാണ് മൃഗങ്ങളുടെ ജഡങ്ങള്‍ സംസ്‌കരിക്കുന്നത്.

പശുത്തോല്‍ കടത്തിയെന്നാരോപിച്ച് കഴിഞ്ഞ മാസം 12 നാണ് ഗുജറാത്തില്‍ നാല് യുവാക്കളെ പൊതുജന മധ്യത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. യുവാക്കളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.