കനയ്യ കുമാറിന്റെ ജാമ്യപേക്ഷ നാളെ പരിഗണിക്കും

kanhaiya 1ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അറസ്റ്റിനെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ നാളെ പരിഗണിക്കുക. പ്രശസ്‌ത അഭിഭാഷകനും മുന്‍ അറ്റോണി ജനറലുമായ സോളി സൊറാബ്‌ജിയായിരിക്കും കനയ്യകുമാറിനുവേണ്ടി ഹാജരാവുക. ജാമ്യ ഹര്‍ജി നല്‍കിയത്‌ അഭിഭാഷകനായ രാജു രാമചന്ദ്രനാണ്‌.

അതേസമയം പാട്യാല ഹൗസ്‌ കോടതി ആക്രമണത്തില്‍ അഭിഭാഷക കമ്മീഷന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. മുദ്ര വെച്ച കവറിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. വിഷയത്തില്‍ ദില്ലി പോലീസ്‌ നാളെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

കനയ്യയുടെ മേല്‍ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹ കുറ്റം നീക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്‌. കാമ്പസിനുള്ളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്‌ വ്യക്തമായ തെളിവുകളില്ലാത്ത സാഹചര്യത്തിലാണ്‌ ഇത്‌. എന്നാല്‍ കനയ്യ മുദ്രാവാക്യം വിളിച്ചതിന്‌ തെളിവുണ്ടെന്ന നിലപാടിലാണ്‌ ദില്ലി പോലീസ്‌ കമ്മീഷണര്‍ ബിഎസ്‌ ബസി.

ജെ എന്‍ യു വിഷയത്തില്‍ പ്രതിഷേധവുമായി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മാര്‍ച്ച്‌ ആരംഭിച്ചു. എന്നാല്‍ മാര്‍ച്ചിന്‌ പോലീസിന്റെ അനുമതിയില്ല.