കനത്ത ചൂട്‌ രണ്ട്‌ ദിവസം കൂടി തുടരും

featured6തിരുവനന്തപുരം: സംസ്ഥാനത്ത്‌ കനത്ത ചൂട്‌ രണ്ട്‌ ദിവസം കൂടി തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്‌ണതരംഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട്‌ മൂന്ന്‌ മണിവരെ പുറംപണി ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും ഈ സമയത്ത്‌ സൂര്യതാപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പാലക്കാട്‌, കോഴിക്കോട്‌ ജില്ലയിലാണ്‌ ശക്തമായ രീതിയില്‍ ഉഷ്‌ണതരംഗം അനുഭവപ്പെടുക. അതെസമയം മറ്റ്‌ ജില്ലകളില്‍ വേണ്ടത്ര മുന്‍കരുതല്‍ വേണമെന്നും മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

പുറംജോലികള്‍ കഴിവതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ സേന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മെയ് ആറോടു കൂടി മഴ ഉണ്ടാകുമെന്നാണ് കലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായി അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയില്‍ 41.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ചൂട്. കോഴിക്കോട് 39.2 ഡിഗ്രി സെല്‍ഷ്യസും കണ്ണൂരില്‍ 37.8 ഡിഗ്രി സെല്‍ഷ്യസും പുനലൂരില്‍ 37.6 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില.

ഇതിനിടെ വരള്‍ച്ച നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ഇന്ന് ചേരും.