കണ്ണൂരിൽ മൂന്നു സി.പി.എം പ്രവർത്തകർക്ക്​ വെട്ടേറ്റു

കണ്ണൂര്‍: പാനൂരിനടുത്ത്​ ചെണ്ടയാട്​ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്​(24‍), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവൽസരാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്​ ഗുരുതരമായതിനാൽ  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും. യാതൊരു പ്രകോപനവുമില്ലാതെയാണ്​ യുവാക്കൾക്ക്​ നേരെ അക്രമമുണ്ടായതെന്നും സി.പി.എം നേതൃത്വം ആരോപിച്ചു.
സംഭവത്തെ തുടർന്ന്​ പ്രദേശത്ത്​ പൊലീസ്​ കാവൽ ശക്തമാക്കിയിട്ടുണ്ട്​.