കണ്ണുതുറക്കാതെ അധികൃതര്‍; ഒഴൂര്‍ മണലിപ്പുഴയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

താനൂര്‍: ഒഴൂര്‍ മണലിപ്പുഴ ഐ എച്ച് ഡി പി കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. അധികൃതരുടെ അനാസ്ഥമൂലം കുടിവെള്ള പദ്ധതി ജലവിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും പരാതി ഉയരുന്നു.

 

വേനല്‍ ആരംഭിച്ചതോടെയാണ് എസ് സി കുടുംബങ്ങള്‍ അടക്കം 300ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്്. പ്രദേശത്തെ കിണറുകള്‍ വറ്റിവരണ്ട സ്ഥിതിയിലാണ്. ഇവിടത്തുകാര്‍ക്ക് ഏക ആശ്രയം പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള വിതരണ പദ്ധതിയാണ്. എന്നാല്‍ പദ്ധതി പ്രവര്‍ത്തനവും കാര്യക്ഷമമല്ല. അറ്റകുറ്റ പണികള്‍ നടക്കാത്തതിനാലും വൈദ്യുതി പ്രശ്‌നങ്ങള്‍ കാരണവും ആണ് ജല വിതരണം താളം തെറ്റുന്നത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.