കണ്ണാശുപത്രിയുടെ ഏഴുനില കെട്ടിടം ജനുവരിയില്‍ ഉദ്‌ഘാടനം ചെയ്യും : മന്ത്രി വി.എസ്‌. ശിവകുമാര്‍

PRP 761 GSN - 2തിരുവനന്തപുരം കണ്ണാശുപത്രി (റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒഫ്‌താല്‍മോളജി) ക്കുവേണ്ടി, ഇരുപത്‌ കോടി രൂപ വിനിയോഗിച്ച്‌ നിര്‍മ്മിക്കുന്ന ഏഴുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം അടുത്ത ജനുവരിയില്‍ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ അറിയിച്ചു. കണ്ണാശുപത്രിയില്‍, മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച, മുപ്പതാമത്‌ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കണ്ണാശുപത്രിയെ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ആക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 67,190 ചതുരശ്ര അടി വിസ്‌തൃതിയിലാണ്‌ കെട്ടിടം നിര്‍മ്മിക്കുന്നത്‌. സംസ്ഥാനത്ത്‌, കഴിഞ്ഞ സാമ്പത്തികവര്‍ഷം 1970 കണ്ണുകളും നടപ്പുസാമ്പത്തികവര്‍ഷം ഇതുവരെ 650 കണ്ണുകളും മരണാനന്തര നേത്രദാനത്തിലൂടെ ലഭിച്ചതായി മന്ത്രി യോഗത്തില്‍ അറിയിച്ചു. നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങള്‍ അവബോധമുള്‍ക്കൊണ്ടതിന്റെ നേട്ടമാണിതെന്ന്‌ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മൃതസഞ്‌ജീവനി പദ്ധതിയിലൂടെ, അവയവദാനരംഗത്ത്‌ വലിയ പുരോഗതി കൈവരിക്കാനായതില്‍ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിലും അതിന്റെ പ്രാധാന്യം മരണമടയുന്നവരുടെ ബന്ധുക്കളെ തക്ക സമയത്ത്‌ ഓര്‍മ്മിപ്പിക്കുന്നതിലും സാമൂഹിക സംഘടനകള്‍ക്കും റസിഡന്റ്‌സ്‌ അസോസിയേഷനുകള്‍ക്കും വലിയ പങ്ക്‌ വഹിക്കാനാകുമെന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. ചടങ്ങില്‍ നേത്രദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ. ഡി.കെ. ശ്രീകുമാരി, കണ്ണാശുപത്രി ഡയറക്‌ടര്‍ ഡോ. പി.എസ്‌. ഗിരിജാദേവി, സൂപ്രണ്ട്‌ ഡോ. വി. സഹസ്രനാമം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ. തോമസ്‌ മാത്യു, ആരോഗ്യവകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ഡോ. എസ്‌. കൃഷ്‌ണകുമാര്‍, ഡി.പി.എം: ഡോ. ബി. ഉണ്ണിക്കൃഷ്‌ണന്‍, അഡിഷണല്‍ ഡി.എം.ഒ: ഡോ. അമ്പിളി കമലന്‍, ജില്ലാ ഒഫ്‌താല്‍മോളജി സര്‍ജന്‍ ഡോ. സി.വി. ശശികല എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ അന്ധതാനിയന്ത്രണ സൊസൈറ്റി, ആരോഗ്യകേരളം, റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒഫ്‌താല്‍മോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. പക്ഷാചരണം സെപ്‌തംബര്‍ എട്ടിന്‌ സമാപിക്കും.