കടല്‍ക്കൊല ബോട്ടുടമ മൊഴിമാറ്റി.

കൊച്ചി : കൊല്ലത്ത് മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടിന്റെ ഉടമ ഫ്രെഡി ഇറ്റാലിയന്‍ നാവികര്‍ക്കനുകൂലമായി മൊഴിമാറ്റി. ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ച സമയത്ത് താനുള്‍പ്പെടെയുള്ളവര്‍ ഉറക്കത്തിലായിരുന്നെന്ന് ഫ്രെഡി മൊഴിനല്‍കി. വെടിവെപ്പ് നടന്ന സമയത്ത് കൊല്ലപ്പെട്ട വാലന്റൈനായിരുന്നു ബോട്ട് നിയന്ത്രിച്ചിരുന്നത് എന്നാണ് മൊഴി.

ഇതോടെ ഇറ്റാലിയന്‍ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് ഫ്രെഡിക്ക് 17 ലക്ഷം രൂപ ലഭിക്കും.

നേരത്തെ കടല്‍കൊലയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുകളുമായും ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കുമെന്നതാണ് വ്യവസ്ഥ.

ഇന്ന ഹൈക്കോടതിയില്‍ കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ഏല്‍കേണ്ടിവന്നത്. കേസില്‍ കക്ഷിചേരാന്‍ നിര്‍ബന്ധം പിടിക്കുകയും പിന്നീട് യാതൊരു കാരണവുമില്ലാതെ പിന്‍മാറുക വഴി കോടതിയുടെ വിലപ്പെട്ട സമയമാണപഹരിച്ചതെന്നും സായിപ്പിന്റെ പണം കണ്ടപ്പോള്‍ കവാത്ത് മറക്കുകയാണോ എന്നും കോടതി ചോദിച്ചു.

വൈദികരോടൊത്താണ് ഇന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയിലെത്തിയത്.