ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി സഹോദരികള്‍ മരിച്ചു

Story dated:Tuesday May 24th, 2016,10 30:am

kottayamകോട്ടയം: ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരികള്‍ മരണപ്പെട്ടു. ഏറ്റുമാനൂരിനടുത്തു കാണക്കാരി പ്ലാപ്പള്ളില്‍ പിഎം മാത്യുവിന്റെയും ആലീസിന്റെയും മക്കളായ അഞ്ജു(24), ആശ(18) എന്നിവരാണു മരണമടഞ്ഞത്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിനു സമീപം ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ജുവായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

അഞ്ജുവും സഹോദരിമാരായ അനു, എബി എന്നിവരും ബ്രിസ്ബനില്‍ നഴ്‌സ്മാരായി ജോലി ചെയ്യുകയാണ്. ഇളയ സഹോദരിയായ ആശ പ്ലസ്ടു കഴിഞ്ഞ് നഴ്‌സിങ് പഠനത്തിനായി രണ്ടു മാസം മുമ്പാണ് ഓസ്‌ട്രേലിയയില്‍ അഞ്ജുവിന്റെ അടുത്തെത്തിയത്. തങ്ങളോടൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന സഹോദരി അനുവിനെ അവരുടെ താമസസ്ഥലത്താക്കിയശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കാറില്‍ അഞ്ജുവും ആശയും മാത്രമാണുണ്ടായിരുന്നത്. അടുത്ത കാലത്ത് നാട്ടില്‍ വന്ന സഹോദരിമാര്‍ ഒരു മാസം മുന്‍പാണ് മടങ്ങിയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.