ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്‌ പിന്നില്‍ വന്‍ശൃംഖല;ചുംബന സമരത്തെ കുറിച്ചും അന്വേഷിക്കും;ചെന്നിത്തല

ദില്ലി: ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ അന്വേഷണം മുന്നോട്ട്‌ പോകുമെന്ന്‌ ചെന്നിത്തല. ഇതിനു പിന്നില്‍ വലിയ ശൃംഖലയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ചുംബന സമരത്തെ പെണ്‍വാണിഭത്തിന്റെ മറയാക്കിയോ എന്ന കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്ന്‌ ചെന്നിത്തല പറഞ്ഞു. എന്നാല്‍ സമരത്തിന്റെ ഭാഗമായവരെ എല്ലാം അടച്ച്‌ ആക്ഷേപിക്കുന്നത്‌ ശരിയല്ലെന്നും ചെന്നികത്തല പറഞ്ഞു.

ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടക്കുന്നതായി വ്യാപകപരാതിയെ തുടര്‍ന്നാണ്‌ സംസ്ഥാനവ്യാപകമായി പോലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഇതിനെ തുടര്‍ന്നാണ്‌ നെടുമ്പാശേരിയില്‍ നിന്നും രാഹുല്‍ പശുപാലനും ഭാര്യ രശ്‌മി ആര്‍ നായരുമടക്കം എട്ടംഗ സംഘം പോലീസിന്റെ പിടിയിലായത്‌. നാല്‌ പുരുഷന്‍മാരും നാല്‌ സ്‌ത്രീകളും അടങ്ങുന്ന സംഘമാണ്‌ പിടിയിലായത്‌.

ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട്‌ പിടിയിലായ എട്ട്‌ പേരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തിയ ഏഴ്‌ പേരെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ഓപ്പറേഷന്‍ ബിഗ്‌ ഡാഡിയുടെ ഭാഗമായാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.