ഓണം ഖാദിമേളയില്‍ ‘ചിതലി സില്‍ക്ക്‌ സാരി’ കള്‍ക്ക്‌ പ്രിയമേറുന്നു

chithali silk sareesഓണം ഖാദിമേളയില്‍ പാലക്കാടന്‍ പട്ടായ ചിതലി സില്‍ക്ക്‌ സാരികള്‍ക്ക്‌ പ്രിയമേറുന്നു. 40 ശതമാനം റിബേറ്റ്‌ അനുവദിച്ചിട്ടുള്ള ചിതലി സില്‍ക്ക്‌ സാരികള്‍ ഖാദിമേളയില്‍ ആദ്യമായാണ്‌ വില്‌പനയ്‌ക്കെത്തുന്നത്‌. 1890 മുതല്‍ 5000 രൂപ വരെ വില യുള്ള പയ്യന്നൂര്‍, ചിതലി, പോച്ചംപള്ളി, ജംന്തനി സില്‍ക്ക്‌ സാരികള്‍, 121 മുതല്‍ 650 രൂപ വരെ വിലയുള്ള വൈറ്റ്‌ ഷര്‍ട്ടിങ്ങിനുമാണ്‌ മേളയില്‍ ആവശ്യക്കാരേറെയുള്ളത്‌. 800 മുതല്‍ 1500 വരെയാണ്‌ കോട്ടണ്‍ സാരികളുടെ വില. മില്ലനി, ശീതള്‍, സ്വരാജ്‌ എന്നീ ബ്രാന്റഡ്‌ ഷര്‍ട്ടുകളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ഖാദി കോട്ടണ്‍ വസ്‌ത്രങ്ങളായ ദോത്തികള്‍, ഖാദി ഷര്‍ട്ടുകള്‍, കുപ്പടം മുണ്ടുകള്‍, ബെഡ്‌ ഷീറ്റുകള്‍ കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ ആലപ്പുഴ, പയ്യന്നൂര്‍, മലപ്പുറം കേന്ദ്രങ്ങളില്‍ ഉത്‌പാദിപ്പിക്കുന്ന റെഡ്‌മെയ്‌ഡ്‌ ഷര്‍ട്ടുകള്‍ ഖാദി ബോര്‍ഡ്‌ നേരിട്ട്‌ സംഭരിച്ച്‌ സംസ്‌കരിച്ചെടുക്കുന്ന പരിശുദ്ധ തേന്‍, ചന്ദന തൈലം, കരകൗശല വസ്‌തുക്കള്‍ തുടങ്ങി ഗ്രാമ വ്യവസായ ഉത്‌പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്‌. എറണാകുളം കലൂര്‍ സെന്‍ട്രല്‍ ഗോഡൗണില്‍ നിന്നുമാണ്‌ ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തിരിക്കുന്നത്‌. 10 മുതല്‍ 15 വര്‍ഷം വരെ ഈട്‌ നില്‍ക്കുന്ന ഉന്നക്കിടക്കകളും മേളയില്‍ ശ്രദ്ധേയമാക്കുന്നു. 30 ശതമാനം ഗവ. റിബേറ്റിന്‌ പുറമേ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ 35,000 രൂപ വരെ ക്രഡിറ്റ്‌ പര്‍ച്ചേസ്‌ സൗകര്യവും ജില്ലാതല പ്രതിവാര നറുക്കെടുപ്പിലൂടെയുള്ള ഒരുഗ്രാം സ്വര്‍ണ്ണം എന്നിവയും മേളയോട്‌ അനുബന്ധിച്ച്‌ ഒരുക്കിയിട്ടുണ്ട്‌. കൂടാതെ ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും സമ്മാന കൂപ്പണും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ആറ്‌ തവണയായി തുക അടയ്‌ക്കുന്നതിനുള്ള ക്രഡിറ്റ്‌ ഫോമും മേളയില്‍ ലഭ്യമാണ്‌. മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡ്‌ ബില്‍ഡിങിന്‌ സമീപം ഖാദി ഗ്രാമ സൗഭാഗ്യ സെന്ററില്‍ ജൂലൈ 23 മുതല്‍ ഓഗസ്റ്റ്‌ 27 വരെയാണ്‌ മേള നടക്കുക