ഓട്ടോയില്‍ കടത്തിയ 24 കുപ്പി വിദേശ മദ്യം പിടികൂടി

വേങ്ങര : ടൗണില്‍ മൊബൈല്‍ മദ്യവില്‍പന നടത്തുന്നതിനിടെ ഇന്നലെ രാത്രി വേങ്ങര സ്വദേശി പുളിക്കല്‍ അഖിലേഷ് കുമാറി(38)നെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇയാളില്‍ നിന്ന് 24 കുപ്പി മദ്യവും പിടികൂടി. ഇയാളെ ജൂണ്‍മാസത്തിലും 23 കുപ്പി മദ്യത്തോടെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം തിയ്യതിയും ഗാന്ധിജയന്തിയും അടുത്തടുത്ത മദ്യനി വില്പന നിരോധന ദിവസമായതിനാല്‍ ഇരട്ടി വില ഈടാക്കിയാണ് ഇയാള്‍ മദ്യം വിറ്റുകൊണ്ടിരുന്നത്. അഖിലേഷ്‌കുമാറിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഓട്ടോറിക്ഷ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

റെയ്ഡില്‍ മലപ്പുറം സ്‌പെഷല്‍ സ്‌ക്വാഡ് സി ഐ അഷറഫ്, എ ഇ ഐ ഇസഹാക്ക് സി പി, പ്രിവന്റി ഓഫീസര്‍ അഭിലാഷ്, ഗാര്‍ഡുമാരായ സിദ്ധിഖ്, സജയ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സെപ്തംബര്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ ഒരു ടാറ്റ ഇന്റിഗോ കാര്‍, ഒരു ഓട്ടോറിക്ഷ, മൂന്ന് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ മദ്യവും കഞ്ചാവും കടത്തിയ കേസുകളിലായി എക്‌സൈസ് പിടിച്ചെടുത്തിരുന്നു.