ഓടുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‌ തീപിടിച്ചു

imagesകാസര്‍കോട്: ഓടുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‌ തീപിടിച്ചു.  മാവേലി എക്സ്പ്രസിന്‍െറ എന്‍ജിനാണ്‌ തീ പിടിച്ചത്‌ . മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ചെറുവത്തൂരിനടുത്ത് കാര്യങ്കോട് പാലത്തിനു മുകളിലത്തെിയപ്പോഴാണ് എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമഫലമായി തീയണച്ചു.

ശനിയാഴ്ച രാത്രി ഏഴോടെയാണ് ട്രെയിനിന്‍െറ എന്‍ജിനില്‍നിന്ന് പുക ഉയരുന്നതുകണ്ട് പാലത്തിന് സമീപമുണ്ടായിരുന്ന നാട്ടുകാര്‍ ശബ്ദമുണ്ടാക്കി ലോക്കോ പൈലറ്റിന്‍െറ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. . തേജസ്വിനി പുഴക്ക് കുറുകെയുള്ള പാലത്തിന്‍െറ മുകളിലായിരുന്നു ട്രെയിനിന്‍െറ എന്‍ജിനൊഴിച്ചുള്ള മറ്റു ഭാഗങ്ങള്‍. പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങി ഓടാതിരിക്കാന്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്‍ജിന് തീ പിടിക്കാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി.

കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനംമന്ത്രി കെ. രാജു എന്‍ജിനോട് ചേര്‍ന്നുള്ള കമ്പാര്‍ട്മെന്‍റില്‍ ഉണ്ടായിരുന്നു. അദ്ദേഹവും സ്ഥലത്തത്തെിയ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലനും യാത്രക്കാര്‍ പരിഭ്രാന്തരാകാതിരിക്കാന്‍ ഇടപെടലുകള്‍ നടത്തി.

Related Articles