ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിജ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

ജില്ലയിലെ രാമത്തെ വലിയ റഗുലേറ്റര്‍ കം ബ്രിജായ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിജ്‌ ഉദ്‌ഘാടനം ഫെബ്രുവരി 27 ന്‌ വൈകീട്ട്‌ ഏഴിന്‌ ഓടായിക്കല്‍ അങ്ങാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ ജോസഫ്‌ അധ്യക്ഷനാവും. പിന്നാക്കക്ഷേമ-ടുറിസം വകുപ്പ്‌ മന്ത്രി എ.പി അനില്‍ കുമാര്‍ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വ്യവസായ-ഐടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഊര്‍ജ വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, എം.പി.മാരായ എം.ഐ ഷാനവാസ്‌, പി.വി അബ്ദുല്‍ വഹാബ്‌ എന്നിവര്‍ മുഖ്യാതിഥിയാകും. എം.എല്‍.എ.മാരായ പി.ശ്രീരാമകൃഷ്‌ണന്‍, പി.കെ ബഷീര്‍, ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുക്കും.
49.50 കോടിയാണ്‌ പദ്ധതി ചെലവ്‌. ഇതില്‍ 46.95 കോടി നബാര്‍ഡ്‌ വിഹിതവും 2.52 കോടി സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്‌. മമ്പാട്‌ ഓടായിക്കല്‍ -ബീമ്പുങ്ങല്‍ കടവുകളെ ബന്ധിപ്പിച്ചാണ്‌ ചാലിയാറിനു കുറുകെ റെഗുലേറ്റര്‍ കം ബ്രിജ്‌ നിര്‍മിച്ചിരിക്കുന്നത്‌. 164 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും നടപ്പാതയും ഉള്‍ക്കൊള്ളുന്നതാണ്‌ പാലം. 460 മീറ്റര്‍ നീളത്തിലുള്ള അപ്രോച്ച്‌ റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്‌.
ജലസേചനാവശ്യാര്‍ഥം 12 മീറ്റര്‍ നീളത്തിലും 4.5 മീറ്റര്‍ ഉയരത്തിലുമുള്ള 12 ഷട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്‌. മമ്പാട്‌, തിരുവാലി, വണ്ടൂര്‍, എടവണ്ണ പഞ്ചായത്തുകളിലെ 2900 ഹെക്‌ടര്‍ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാന്‍ പദ്ധതി സഹായകമാകും. ചാലിയാര്‍ പ്രോജക്‌ട്‌ സബ്‌ ഡിവിഷനും മറ്റ്‌ അനുബന്ധ ഓഫീസുകളും ഉള്‍ക്കൊള്ളിക്കുന്നതിനായി ഇരുനില ഓഫീസ്‌ കെട്ടിടവും പദ്ധതിയോടനുബന്ധിച്ച്‌ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. പാലം തുറന്ന്‌ കൊടുക്കുന്നതോടെ ചാലിയാറിനക്കരെയുളള പ്രദേശങ്ങളായ ഓടായിക്കല്‍, പുളളിപ്പാടം, കാരച്ചാല്‍ വാര്‍ഡുകളിലെ മഴക്കാല യാത്രാക്ലേശത്തിന്‌ പരിഹാരമാകും.