ഒ വി വിജയന്‍ സ്മൃതിവനം ഉദ്ഘാടനം നടക്കും

കോട്ടക്കല്‍: ഒ വി വിജയന്‍ സ്മൃതിവനം ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാന്‍ യോഗം ചേരുന്നു. കോട്ടക്കല്‍ റസ്റ്റ് ഹൗസില്‍ ശനിയാഴ്ച പകല്‍ രണ്ടിന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കും. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ച ഒ വി വിജയന്‍ സ്മൃതിവനത്തിന്റെ നിര്‍മാണത്തിന് നഗരസഭയില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്ന പേരില്‍ നേരത്തെ നിശ്ചയിച്ച ഉദ്ഘാടനം മാറ്റി വച്ചിരുന്നു. തുടര്‍ന്ന് അജ്ഞാതര്‍ ശില്‍പ്പം തകര്‍ത്തു.

സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും വിശ്വ സാഹിത്യകാരനുമായ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സ്മൃതിവനം നിര്‍മ്മിച്ചത്.ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ സമ്മതിച്ചിരുന്നു. ഇതിനിടെ സ്മൃതിവനം നിര്‍മാണം വിവാദമാവുകയും നിശ്ചയിച്ച ഉദ്ഘാടനം മാറ്റിവെക്കുകയും ചെയ്തു. പിന്നീട് നഗര സഭ സ്മൃതിവനത്തിന് അനുമതി നല്‍കി. മാര്‍ച്ച് ഏഴിന് ശില്‍പ്പം തകര്‍ക്കപ്പെടുകയും വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയതു. ഇതേ തുടര്‍ന്ന് എം പി അബ്ദു സമദ് സമദാനി എംഎല്‍ എയുടെ നേതൃത്വത്തില്‍ സര്‍വ്വ കക്ഷി യോഗം ചേര്‍ന്ന് ശില്‍പ്പം പുനര്‍ നിര്‍മിച്ച് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.