ഒഴൂര്‍ ഇനി നാലാംതരം തുല്യതാ പഞ്ചായത്ത്

താനൂര്‍: ഒഴൂര്‍ ഗ്രാമപഞ്ചായത്തും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കിയ അതുല്യം 2011-12 പരിപാടിയിലൂടെ പഞ്ചായത്തിലെ 50 വയസിന് താഴെയുള്ള എല്ലാവര്‍ക്കും 4-ാംതരം വിദ്യാഭ്യാസ യോഗ്യത നേടിക്കൊടുത്ത പഞ്ചായത്തിനെ സമ്പൂര്‍ണ നാലാംതരം പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പിയാണ് പ്രഖ്യാപനം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് സര്‍വ്വേ നടത്തി കണ്ടെത്തിയ 400ഓളം പേരെ 18 കേന്ദ്രങ്ങളില്‍വെച്ച് പ്രത്യക പഠനവും പരിശീലനവും നല്‍കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷ നടത്തി 94 ശതമാനം വിജയം നേടിയാണ് പഞ്ചായത്ത് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ഇതിനുള്ള പ്രത്യേക അവാര്‍ഡ് സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചിരുന്നു. പ്രഖ്യാപന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നൂഹ് കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു. പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കമ്മുക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി അബ്ദുര്‍റഹ്മാന്‍, എം അലവി, ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ഷക്കീല, പഞ്ചായത്തംഗങ്ങളായ അഷ്‌ക്കര്‍ കോറാട്, എം കെ കുഞ്ഞേനി മാസ്റ്റര്‍, കുന്നത്ത് സക്കീന, കെ കെ ജമീല, കെ എസ് കരീം എ്രന്നിവര്‍ സംസാരിച്ചു.