ഒരു വീട്ടില്‍ ഒരു മാവ് പദ്ധതി: ജില്ലയില്‍ 38,000 തൈകള്‍ വിതരണം ചെയ്തു

മലപ്പുറം: ഒരു വീട്ടില്‍ ഒരുമാവ് പദ്ധതി പ്രകാരം ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളിലായി 38,000 മാവിന്‍ തൈകള്‍ വിതരണം ചെയ്തതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആമിനവെങ്കിട്ട അറിയിച്ചു. ഒരു നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും ഒരു വാര്‍ഡിലെ എല്ലാ വീടുകള്‍ക്കും മാവിന്‍ തൈ നല്‍കുന്ന പദ്ധതിയാണിത്. 14,44000 രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

 
വേങ്ങര, തിരൂരങ്ങാടി, നിലമ്പൂര്‍, കോട്ടയ്ക്കല്‍, മങ്കട, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, മഞ്ചേരി, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്ത് വാര്‍ഡുകളിലാണ് മാവിന്‍ തൈ വിതരണം പൂര്‍ത്തിയായത്. ഊരകം -3800, പെരുമണ്ണക്ലാരി-5000, മൂത്തേടം-1250, പൊന്‍മള-7000, കുറുവ-7000, പുലാമന്തോള്‍-1250, കൊണ്ടോട്ടി-1200, പാണ്ടിക്കാട്-1250, പെരുവള്ളൂര്‍ -6250 എന്നീ ക്രമത്തിലാണ് തൈ വിതരണം നടത്തിയത്. വണ്ടൂര്‍, മലപ്പുറം, ഏറനാട്, പൊന്നാനി, തവനൂര്‍, താനൂര്‍, തിരൂര്‍ നിയോജക മണ്ഡലങ്ങളില്‍കൂടി ഉടനെ വിതരണം നടത്തുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. എല്ലാ വീടുകള്‍ക്കും മാവിന്‍തൈ നല്‍കലാണ് ഉദ്ദേശം.

 

സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ മുഖാന്തരം നടപ്പാക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് കൃഷിഭവനിലൂടെയാണ്.