ഒരിക്കല്‍ ഒരിടത്ത്………………

സുബാബു

ഒരു നാടിന്റെ ചരിത്രം ഗ്രാമത്തില്‍ നിന്ന് തുടങ്ങി ഗ്രാമത്തില്‍ തന്നെ തുടരുകയെന്നത് സാധാരണമല്ല. എന്നാല്‍, ഒരു റെയില്‍വേ സ്‌റ്റേഷന്‍ തന്നിലേക്ക് നഗരമുദ്രകള്‍ അണിയിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ, വഴങ്ങാതെ പ്രതിരോധിച്ചു കൊണ്ട് ഇപ്പോഴും ഗ്രാമ മുദ്രകള്‍ നെഞ്ചേറ്റി നില്‍ക്കുന്നു അരിയല്ലൂര്‍ ഗ്രാമം.

 

പണ്ട്
പാളങ്ങള്‍ ഇരട്ടിക്കുന്നതിനുമുമ്പ്
പ്ലാറ്റ്‌ഫോമിന് നീളം വെക്കുന്നതിനുമുമ്പ്
എക്‌സ്പ്രസ്സുകള്‍ കിതപ്പാറ്റുന്നതിനു മുമ്പ്
ആരുടെയെല്ലാമോ രക്തം
പാളത്തില്‍ പുരളുന്നതിനുമുമ്പ്

ചെറിയ പ്ലാറ്റ്‌ഫോമായിരുന്നു. ഇരുഭാഗത്തും വേലിയില്ലായിരുന്നു. വണ്ടിയുടെ വരവറിയിക്കുന്ന ബെല്ലടിയുടെ മുഴക്കം എപ്പോഴും നിലനിര്‍ത്തിയിരുന്ന ചെറിയ സ്‌റ്റേഷന്‍ ആപ്പീസ്.വേനല്‍, പൂഴി നീന്തിയും മഴ, വെള്ളം തുഴഞ്ഞും റെയില്‍വേ സ്റ്റേഷനിലേക്ക് കരേറും. അക്കാലത്ത്, ഏത് വേനലിലും ഒരു വീടുപോലെ തണുപ്പും കുളിര്‍മ്മയും പകര്‍ന്നിരുന്ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥിരം അന്തേവാസികളും അതിഥികളുമായി നാടോടികളും എത്തിയിരുന്നു.

 റെയില്‍വേസ്‌റ്റേഷനിലെ അന്തേവാസികളെയും നാടോടികളെയും നോക്കി ഞാനേറെ നേരം നില്‍ക്കാറുണ്ടായിരുന്നു. അന്ന് ഇവരോട് എനിക്ക് ആരാധനയും ആദരവും ഉണ്ടായിരുന്നു.അത് ഒരു പക്ഷേ, ഇവരെകുറിച്ച് കേട്ടിട്ടുള്ള കഥകള്‍ കാരണമായിരിക്കാം. കഥയല്ല., യാഥാര്‍ത്ഥ്യം. അതിതാണ്- ഇവരൊക്കെ ഒരുപാട് സ്വത്തും പണവുമൊക്കെയുള്ളവരാണെന്നും അതെല്ലാം ഉപേക്ഷിച്ചാണ് അവര്‍ ഇവിടെ വന്ന് ഇങ്ങനെ കഴിയുന്നത്. ഈ കഥ എന്നെ അമ്പരപ്പിക്കും. ഒരു പാട് പണം, സ്വത്ത് സുഖസൗകര്യങ്ങള്‍, ബന്ധുക്കള്‍ ഇവയെല്ലാം നിസ്സാരമായി ഉപേക്ഷിക്കാന്‍ കഴിയുമോ? കഴിയും എന്ന് ഇവര്‍ എന്നോട് പറയുന്നതുപോലെ തോന്നാറുണ്ട്. മനസ്സില്‍ റെയില്‍വേ സ്‌റ്റേഷനിലെ ചുമര്‍ചിത്രങ്ങളായി അവര്‍……


‘അമ്മമ്മ’ എന്നായിരുന്നു എന്ന് തോന്നുന്നു അവരുടെ വിളിപ്പേര്. വളരെ മെലിഞ്ഞ് ഏകദേശം അറുപത്തിഞ്ചിനോടടുത്ത പ്രായം. ആപ്പീസിനടുത്തുള്ള മരത്തണലിലാണ് അടുപ്പ് കൂട്ടാറ് മിക്കവാറും വൈകുന്നേരങ്ങളില്‍ മാത്രമാണ് ഇത് പുകയാറുള്ളത്. കറിയുണ്ടാക്കിയിരുന്ന ഹൃദയം പോലെയുള്ള കുടുക്ക ആകര്‍ഷകം തന്നെയായിരുന്നു. ഞങ്ങള്‍ കുട്ടികളെ കാണുമ്പോള്‍ ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും കണ്ണുകളിലും മുഖത്തും വാത്സല്യത്തിന്റെ പാട, അവരുടെ ഭൂതകാലത്തില്‍ നിന്നുവന്ന് പരക്കുന്നത് കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ കുട്ടികള്‍ക്കുണ്ടോ ഇതൊക്കെ അറിയാന്‍ കഴിയുന്നു. നിസ്സഹായരെ കണ്ടാല്‍ ഉപദ്രവിക്കരുതെന്ന് വരുടെ പാഠ്യപദ്ധതിയില്‍ ഇല്ലാതിരുന്നതുകൊണ്ടോ, ഗുരുക്കന്മാര്‍ ചൊല്ലിക്കൊടുക്കാതിരുന്നതുകൊണ്ടോ എന്നറിയില്ല. അവര്‍ ആംഗ്യങ്ങള്‍ കൊണ്ടും ആക്ഷേപങ്ങള്‍ കൊണ്ടും അമ്മമ്മയെ ശല്യപ്പെടുത്തി. എന്നാല്‍ അവരതൊന്നും കാര്യമാക്കിയിരുന്നില്ല. എങ്കില്‍പിന്നെ, അവരെവിടെ, ഏത് നന്മയുടെ സ്റ്റേഷന്‍ തേടിയാണ് അവര്‍ വണ്ടി കയറി പോയത്…….

‘അകലംപ്പൊറ്റി’ അരിയല്ലൂരുകാരുടെ ബാല്യയൗവനങ്ങള്‍ക്കതീതമായ ഓര്‍മ്മകുറിപ്പിന്റെ തലക്കെട്ട്.അതൊരു ആള്‍രൂപമായിരുന്നു. കാവിവസ്ത്രത്തിനുള്ളില്‍ പേരിന് ശരീരവുമായി ജടപിടിച്ച വലിയതലയുള്ള ആള്‍രൂപം. ബീഡിയും ചുമയും കൂടപ്പിറപ്പുകളായിരുന്നു ഈ രൂപത്തിന്. സ്റ്റേഷനിലൂടെ പോകുന്നവര്‍, വരുന്നവര്‍ തന്നോട് സംസാരിച്ചാലും ഇല്ലെങ്കിലും എല്ലാവരോടും സംസാരിക്കുന്നു ഈ റെയില്‍വേ ആപ്പീസിന്റെ ‘കാവല്‍ക്കാരന്‍.’ ഗ്രാമത്തിന്റെ വിശുദ്ധിയും ആത്മീയതയും നന്മയും തന്നിലൂടെ പ്രകടമാക്കിയ ‘അകലംപ്പൊറ്റി’ ഹിമാലയത്തിന്റെ ഏത് തപങ്ങളിലേക്കാണ് നന്മ തേടി പോയത്………….

വേറെയും ഉണ്ടായിരുന്നു ഈ ആപ്പീസിനടുത്ത് അന്തേവാസികള്‍. അതിലൊന്നാണ് ഒരു കുട്ടി മനുഷ്യന്‍. തന്നോളം വലിപ്പമുള്ള ഒരു ചാക്കുഭാണ്ഡവും തൂക്കി രാവിലെയും വൈകുന്നേരവും ‘കോട്ടേലേ തൊടി’യിലെ വഴിയില്‍ പോയി ഭിക്ഷാടനത്തിന് ഇരിക്കുന്ന ഒരു കുറിയ മനുഷ്യന്‍. അങ്ങനെ ഒറ്റപ്പെട്ട് വരുന്ന മനുഷ്യര്‍ തന്റെ ജന്മാന്തര ബന്ധങ്ങളേതോ അന്വേഷിച്ചുകൊണ്ട് ഇവിടെ കഴിഞ്ഞു. ഒരു വയറിന്റെ വിശപ്പാറാനുള്ളത് തനിക്കിവിടെയുണ്ടെന്ന് അവരോട് ആരെ ബോധ്യപ്പെടുത്തിയതുപോലെ……………
മറ്റൊരു കൂട്ടര്‍ കൂട്ടമായി വന്നെത്തുന്ന അന്യസംസ്ഥാന നാടോടികളാണ്. അവര്‍ ടെന്റുകളിലാണ് അഭയം തേടിയിരുന്നത്. മീന്‍പിടുത്തം ആമപിടുത്തം, ഭിക്ഷാടനം എന്നിവയൊക്കെ നടത്തി അവര്‍ ഈ ഗ്രാമീണതയെ പുണര്‍ന്നു. നാട്ടുകാര്‍ അവരെ ഉപദ്രവിക്കുന്നതോ അല്ലെങ്കില്‍ തിരിച്ച് സംഭവിക്കുന്നതോ അപൂര്‍വ്വമായി ഉണ്ടായിരുന്നു. എങ്കിലും ഈ നാടിനും അവര്‍ക്കുമിടയില്‍ അജ്ഞാതമായ ഒരു പാരസ്പര്യം ഉണ്ടായിരുന്നു….ആധുനിക മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ തൊണ്ണൂറുകള്‍ക്ക്് മുമ്പുണ്ടായിരുന്ന സിനിമ വഹിച്ച പങ്ക് ചെറുതല്ല. അന്ന് അത് കാണാന്‍
പോവുന്നതിന് രാവും പകലുമോ ദൂരമോ പ്രതിബന്ധമായിരുന്നില്ല. സെക്കന്റ് ഷോയ്ക്ക് പോയാല്‍ കള്ളനും പോലീസും പിടിക്കില്ലായിരുന്നു. സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഈ റെയില്‍വേ ആപ്പീസും അങ്ങാടി വരാന്തകളും അനേകരെ താലോലം ഉറക്കുന്നത് അറിയാന്‍ കഴിയുമായിരുന്നു….

 

പിന്നീട്
പാളങ്ങള്‍ ഇരട്ടിച്ചതിന് ശേഷം
പ്ലാറ്റ്‌ഫോമിന് നീളംവെച്ചതിനുശേഷം
എക്‌സ്പ്രസ്സുകള്‍ കിതപ്പാറ്റിയതിനുശേഷം
കവിയുടെയും ഭിക്ഷക്കാരന്റെയും രക്തം
പാളത്തില്‍ പുരണ്ടതിനുശേഷം
സമൂഹത്തില്‍ ‘എല്ലാവര്‍ക്കും വീട്’ പദ്ധതി നടപ്പാക്കിയതുകൊണ്ടോ, സോഷ്യലിസ്റ്റ് ഭരണകൂടം വന്നതുകൊണ്ടോ അല്ല ഇവിടെ നിന്നും അന്തേവാസികളും നാടോടികളും ഇല്ലാതായത്. തൊണ്ണൂറുകള്‍ക്ക് ശേഷം സമൂഹത്തിലേക്ക് പടര്‍ന്ന വ്യവസ്ഥിതിയുടെ പുഴുക്കുത്തുകള്‍ ഏറ്റാണ് ഇവിടെ തിന്മ അരങ്ങേറി തുടങ്ങിയത്. ആ തിന്മയുടെ കൊടുങ്കാറ്റിലാണ് അവര്‍ അപ്രത്യക്ഷരായത്. അത് നമ്മുടെയെല്ലാം നന്മകളുടെ അസ്തമനത്തിന്റെ കൂടി അടയാളങ്ങളാണ്.

അങ്ങനെ

അന്തേവാസികള്‍ വേഗം കൂടിയ വണ്ടിയുടെ കാറ്റിനൊപ്പം കരിയിലപോലെ എവിടേക്കോ പോയി……………

നാടോടികള്‍ ടെന്റുകളഴിച്ച് വണ്ടിയ്ക്ക് കാത്തുനില്‍ക്കാതെ
പോകേണ്ടിവന്നു. കാരണം, അവരെ മോഷ്ടാക്കളെന്നും
പിടിച്ചുപറിക്കാരെന്നും മുദ്രയടിച്ചുതുടങ്ങിയിരുന്നു.

 

ഫോട്ടോ :ഷാനവാസ്‌ഷാജി എന്‍. കരുണിന്റെ ‘സ്വം’ എന്ന സിനിമ നടക്കുന്നത് ഒരു റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ്. അവസാനമായപ്പോഴേക്കും സിനിമയിലെ നന്മകള്‍ കൊഴിയുന്നു. സിനിമ ദു:ഖമയമാവുന്നു. ഈ സിനിമയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ജീവിക്കുന്ന ഒരു ഭിക്ഷക്കാരനുണ്ട്. എന്നാല്‍ നന്മകള്‍ ഇല്ലാതായ, ജീവനോപാധികള്‍ അടഞ്ഞുപോയ സിനിമയുടെ ഫ്രെയിമില്‍ നിന്നും ഭിക്ഷക്കാരനും വണ്ടി കയറി എങ്ങോട്ടോ പോവുന്നു. നന്മയുടെ തീരം തേടി………………