ഒരാടംപാലത്തും തിരൂരും ബൈപ്പാസ്‌ ഓവര്‍ ബ്രിജ്‌ നിര്‍മാണം ത്വരിതപ്പെടുത്തും

തിരൂര്‍:പൊതുമരാമത്ത്‌ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ ഒരാടംപാലത്തും തിരൂരും ബൈപ്പാസും റെയില്‍വെ ഓവര്‍ ബ്രിജും നിര്‍മിക്കുന്നു. ഭാവിയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക്‌ മുന്‍കൂട്ടിക്കണ്ട്‌ ബൈപ്പാസ്‌ നിര്‍മാണത്തിന്‌ മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുകയാണെന്ന്‌ പൊതുമരാമത്ത്‌ (റോഡ്‌സ്‌) വിഭാഗം എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ തിരൂരിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ സഹായിക്കുന്ന തിരൂര്‍ ബൈപ്പാസിന്റെ ഒന്നാംഘട്ടവും നാലാംഘട്ടവും പണി പൂര്‍ത്തീകരിച്ചു. ഒരാടംപാലം-മാനത്തുമംഗലം ബൈപ്പാസ്‌ നിര്‍മാണത്തിനുള്ള ശിലാസ്ഥാപനം നടന്നു. റെയില്‍വേ ഓവര്‍ ബ്രിജുകളുടെ പ്രവൃത്തി തുടങ്ങാനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്‌. മഞ്ചേരി ഔട്ടര്‍ റിങ്‌ റോഡ്‌ പ്രവൃത്തികളും പുരോഗതിയിലാണ്‌. നിലമ്പൂര്‍, കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസുകളും മഞ്ചേരി ജസീല ജങ്‌ഷന്‍ ഫ്‌ളൈ ഓവറും നിര്‍മാണ പ്രവ്യത്തികളുടെ വിവിധ ഘട്ടങ്ങളിലാണ്‌.
നിലവില്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലുള്ള 250 കി.മീ റോഡ്‌ പുനരുദ്ധാരണം നടത്തിവരികയാണ്‌. കൂടാതെ കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടയില്‍ പുല്ലിക്കടവ്‌, കാര്യാട്ട്‌കടവ്‌, വള്ളിപ്പാടം, മൈത്രക്കടവ്‌, മേലാറ്റൂര്‍, താലാപ്പ്‌കടവ്‌, ആശാരിപ്പടി, മാതാപ്പുഴ, താഴെപ്പാലം, ആലുങ്ങല്‍ക്കടവ്‌, മുടിക്കോട്‌, താളിയംകുണ്ട്‌, ചീര്‍പ്പുങ്ങല്‍ ,മമ്പുറം, ചിറപ്പാലം, വളനി വട്ടത്തിപ്പാറ, വടപുറം പാലങ്ങളുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. മാഞ്ഞാമാട്‌, തയ്യിലക്കടവ്‌, പനമ്പറ്റക്കടവ്‌, ഉമ്മിണിക്കടവ്‌, മൂലേപ്പാടം, എടവഴിക്കടവ്‌ പാലങ്ങള്‍ പണി പൂര്‍ത്തീകരിച്ച്‌ ഗതാഗതത്തിന്‌ തുറന്നു കൊടുക്കുകയും ചെയ്‌തു. പൊതുമരാമത്ത്‌ റോഡുകള്‍ക്ക്‌ പുറമേ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തദ്ദേശവകുപ്പിന്റെ അധീനതയിലുള്ള 400ല്‍ പരം റോഡുകളും പുനരുദ്ധാരണം നടത്തി. കൂടാതെ എം.എല്‍മാരുടെ ആസ്‌തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും 80ഓളം പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്‌. ജില്ലയില്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലുള്ള സ്റ്റേറ്റ്‌ ഹൈവേ, പ്രധാന ജില്ലാ റോഡുകള്‍ എന്നിവയില്‍ 2011 മുതല്‍ ഈ കാലയളവ്‌ വരെ ഉദ്ദേശം 650 കി.മീ. പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തിയതായും എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.