ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് പരിഭ്രാന്തി പരത്തി

താനൂര്‍: താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ബൈക്കിലെത്തിയ അജ്ഞാത സംഘം നാടോടി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് പരിഭ്രാന്തിപരത്തി. ശനിയാഴ്ച അര്‍ദ്ധ രാത്രിയോട് കൂടിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ പനങ്ങാട്ടൂരിന് സമീപത്തു നിന്നും കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് താമസിച്ച് വരികയുമായിരുന്ന നാടോടി യുവതിയുടെ 9 മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ശനിയാഴ്ച അര്‍ദ്ധ രാത്രി തട്ടിക്കൊണ്ട് പോയത്. ഇവര്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങവെയാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ താനൂര്‍ തെയ്യാല റോഡില്‍ പനങ്ങാട്ടൂരിന് സമീപം കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

തട്ടിക്കൊണ്ട് പോയവരെ കുറിച്ച് വ്യക്തമായ വിവരമോ സംഭവത്തില്‍ പരാതിയോ ഇല്ലാത്ത സാഹചര്യത്തിലും കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം റെയില്‍വെ സ്റ്റേഷന്‍ കിഴക്ക്ഭാഗം കേന്ദ്രീകരിച്ച് നാടോടി സംഘങ്ങള്‍ മദ്യലഹരിയില്‍ വഴക്കും സംഘര്‍ഷവും പതിവാണ്.