ഒമാനില്‍ നാളെ മുതല്‍ അഞ്ച്‌ ദിവസം നീണ്ടു നില്‍ക്കുന്ന ചുടുക്കാറ്റിന്‌ സാധ്യത

മസ്‌കത്ത്‌: രാജ്യത്ത്‌ ചുടുകാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. നാളെ മുതല്‍ അഞ്ച്‌ ദിവസം വരെ ചുടുകാറ്റ്‌ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന്‌ അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കാലാവസ്ഥ ഞായറാഴ്‌ചയോടെ സാധാരണ ഗതിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

മസ്‌കത്തില്‍ കനത്ത ചൂടാണ്‌ അനുഭവപ്പെടുന്നത്‌. ഇതെതുടര്‍ന്ന്‌ നിര്‍മ്മാണ തൊഴിലാളികളും മറ്റും ബുദ്ധിമുട്ടിലാണ്‌. കനത്ത ചൂടിനെ തുടര്‍ന്ന്‌ മധ്യാഹ്ന വിശ്രമം നേരത്തെ പ്രഖ്യാപിക്കണമെന്ന ട്രേഡ്‌ യൂണിയനുകള്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നിയമപ്രകാരം ജൂണ്‍ ഒന്നിന്‌ മാത്രമെ മധ്യാഹ്ന വിശ്രമം ആരംഭിക്കൂവെന്ന്‌ അധികൃതര്‍ അറിയിച്ചിരുന്നു.

ചുടുകാറ്റ് ഉണ്ടാകുന്ന പക്ഷം വെയില്‍ ഏല്‍ക്കുന്നതില്‍നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കണമെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഉയര്‍ന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പവും കൂടുതലായിരിക്കും.
ഇത് മനുഷ്യശരീരത്തിന് ദോഷകരമാണ്. കുട്ടികളെയും പ്രായമുള്ളവരെയും കൂടുതല്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. അമിതമായ വിയര്‍പ്പ്, തളര്‍ച്ച, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനം, തൊലിയില്‍ നിറംമാറ്റം, ഉയര്‍ന്ന ശരീരതാപനില തുടങ്ങിയവ അനുഭവപ്പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം.