ഐ.ടി. മേഖലയില്‍ ജില്ലയ്‌ക്ക്‌ വലിയ മുന്നേറ്റം കൈവരിക്കാനായി -മന്ത്രി മഞ്ഞളാം കുഴി അലി

manjalamkuzhi-aliഅക്ഷയ പദ്ധതിയുടെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ഇ-സാക്ഷരത കൈവരിച്ചെന്നും അതുവഴി ഐ.ടി. മേഖലയില്‍ ജില്ല വലിയ മുന്നേറ്റങ്ങള്‍ കൈവരിച്ചെന്നും ന്യൂനപക്ഷ-നഗരകാര്യ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ജില്ല ഐ.ടി. സ്‌പെഷലിസ്റ്റുകളുടെ നാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഇ-സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ അക്ഷയ സംരഭംകരെ പ്രാപ്‌തരാക്കുന്നതിനായി തുടക്കമിട്ട ‘പാഠശാല’ പദ്ധതിയുടെ മൂന്നാംഘട്ട പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന പരിപാടിയില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ അക്ഷയ ഡയറി പ്രകാശനവും സംരഭകര്‍ക്കുള്ള കാഷ്‌ അവാര്‍ഡുകളും നല്‍കി.
സംസ്ഥാനത്തെ 2,450 അക്ഷയ സംരംഭകര്‍ക്ക്‌ അതത്‌ ജില്ലകളില്‍ വച്ച്‌ രണ്ട്‌ ദിവസത്തെ പരിശീലനമാണ്‌ മൂന്നാം ഘട്ടത്തില്‍ നല്‍കുന്നത്‌. 50 ബാച്ചുകളായി നടത്തുന്ന പരിശീലന പരിപാടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ്‌ മാനെജ്‌മെന്റ്‌ കേരളയുമായി സഹകരിച്ചാണ്‌ നടപ്പാക്കുന്നത്‌.
അക്ഷയയുടെ തനത്‌ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ 2013-14 ലാണ്‌ സംരംഭകര്‍ക്ക്‌ പരിശീലനം നല്‍കുന്നതിനായി ‘പാഠശാല’ ആരംഭിച്ചത്‌. അക്ഷയ കേന്ദ്രങ്ങള്‍ക്ക്‌ ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി സംരംഭകരുടെ കഴിവുകള്‍ വികസിപ്പിക്കുകയും അതിലൂടെ സാധാരണക്കാരിലേക്ക്‌ സേവനങ്ങള്‍ എത്തിക്കുന്നതിന്‌ സംരംഭകരെ പ്രാപ്‌തരാക്കുകയുമാണ്‌ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇ-സേവനങ്ങള്‍ നല്‍കി ഏറ്റവും മികച്ച ഇ- സേവന സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതില്‍ നിര്‍ണായക പങ്കാണ്‌ അക്ഷയ വഹിച്ചത്‌.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഉമ്മര്‍ അറയ്‌ക്കല്‍, വി.സുധാകരന്‍, ഹാജറുമ്മ, അനിത കിഷോര്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്‌ ജമീല, എ.ഡി.എം കെ.രാധാകൃഷ്‌ണന്‍, പി.പി. ജയകുമാര്‍, എം.ഫിറോസ്‌ എന്നിവര്‍ സംസാരിച്ചു.