ഐ.എഫ്‌.എഫ്‌.കെ. മേഖലാ ചലച്ചിത്രോത്സവം: ഡെലിഗേറ്റ്‌ സെല്‍ തുറന്നു

നിലമ്പൂര്‍: ഐ.എഫ്‌.എഫ്‌.കെ രണ്ടാമത്‌ മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ്‌ സെല്‍ ഉദ്‌ഘാടനം ഫെയറിലാന്‍ഡ്‌ തിയറ്റര്‍ കോംപ്ലക്‌സില്‍ ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗം ആര്യാടന്‍ ഷൗക്കത്ത്‌ നിര്‍വഹിച്ചു. നാടക- സിനിമാ നടന്‍ എസ്‌.എന്‍ പൂപ്പറ്റ ഡെലിഗേറ്റ്‌ പാസ്‌ ഏറ്റുവാങ്ങി. ഐ.എഫ്‌.എഫ്‌.കെ.യുടെ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‌ രണ്ടാം തവണയാണ്‌ നിലമ്പൂര്‍ വേദിയാകുന്നത്‌.

ആദ്യം അപേക്ഷ നല്‍കുന്ന 1,500 പേര്‍ക്കായി പാസ്‌ പരിമിതപ്പെടുത്തിയിട്ടുണ്ട്‌. രണ്ട്‌ ഫോട്ടോകളും 200 രൂപയും സഹിതം ഡെലിഗേറ്റ്‌ പാസിന്‌ അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക്‌ 50 രൂപയാണ്‌ ഫീസ്‌. അപേക്ഷക്കൊപ്പം കോളെജിന്റെ തിരിച്ചറിയല്‍ കാര്‍ഡോ, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രമോ നല്‍കണം. 18 വയസ്‌ പൂര്‍ത്തിയായവര്‍ക്കേ പാസ്‌ അനുവദിക്കൂ. 19 മുതല്‍ 23 വരെയാണ്‌ ഫെയറിലാന്‍ഡ്‌ തിയറ്ററിലെ രണ്ടു സക്രീനുകളിലായി ചലച്ചിത്രോത്സവം നടക്കുക. ഐ.എഫ്‌.എഫ്‌.കെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന്‌ തിരഞ്ഞെടുത്ത 36 സിനിമകളാണ്‌ പ്രദര്‍ശിപ്പിക്കുക. രണ്ട്‌ സ്‌ക്രീനുകളിലായി ദിവസം നാലു വീതം എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും.