ഐസ്‌ക്രീം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കൊച്ചി: കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവ് റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രമാദമായ ഐസ്‌ക്രീം കേസ്സില്‍ മന്ത്രിയുടെ പങ്കിനെകുറിച്ച് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഡയറിയും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ കേസ് കോടതി മാര്‍ച്ച് 6ന് വീണ്ടും പരിഗണിക്കും. എഡിജിപി വിന്‍സെന്റ് എം പോളിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാല്‍ അന്വേഷണ സംഘത്തിന്റെ നടപടികളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ മന്ത്രിക്കനുകൂലമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് റൗഫ് ആരോപിച്ചു. താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അതിന് തയ്യാറാണോയെന്നും പ്ത്രസമ്മേളനത്തില്‍ വെല്ലുവിളിച്ചു.

പ്രതിപക്ഷനേതാവ് വി .എസ് അച്ചുതാനന്ദന്‍ നിരവധി തവണ കോടതിയെ സമീപിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഡിസംബറില്‍ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസം സമയം അനുവദിച്ചിരുന്നു. സര്‍ക്കാരിനുവേണ്ടി ആറാഴ്ച്ചകൂടി സമയമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി കൂടുതല്‍ സമയമനുവദിക്കുകയായിരുന്നു.

മുന്‍ ഹൈക്കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് കെ തങ്കപ്പന്‍, ജസ്റ്റിസ് കെ നാരായണ കുറുപ്പ് , മുന്‍ എജി എന്‍കെ ദാമോദരന്‍, വികെ ബീരാന്‍ എന്നിവരടക്കം എണ്‍പതോളം പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ കേസിലെ ഇരകളായ റജീന, ബിന്ദു, റോസ്ലിന്‍, റജുല എന്നിവരില്‍നിന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയില്‍നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു.