ഐപിഎല്‍ ഒത്തുകളി;വിധി 25 ലേക്ക്‌ മാറ്റി;കാത്തിരിക്കുമെന്ന്‌ ശ്രീശാന്ത്‌

S-Sreesanthദില്ലി: ഐപിഎല്‍ വാതുവെയ്‌പ്‌ കേസിന്റെ വിധി പറയുന്നത്‌ ജൂലൈ 25 ലേക്ക്‌ മാറ്റി വെച്ചു. ദില്ലി പാട്യാല ഹൗസ്‌ പ്രത്യേക കോടതി അഡീഷണല്‍ സെഷന്‍സ്‌ കോടതിയാണ്‌ ഇനിയും രേഖകകള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ വിധി പറയുന്നത്‌്‌ മാറ്റിയത്‌. ജഡ്‌ജ്‌ നീന ബന്‍സാല്‍ കൃഷ്‌ണയാണ്‌ ജൂലൈ 25 ന്‌ വിധി പറയുക.

കേസില്‍ അനുകൂല വിധിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുമെന്നും വിധിയെ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത്‌ പ്രതികരിച്ചു.

ശ്രീശാന്തിന്‌ പുറമേ ക്രിക്കറ്റ്‌ താരങ്ങളായ അങ്കിത്‌ ചവാന്‍, അജിത്‌ ചാന്ദില, ചെന്നൈസൂപ്പര്‍ കിങ്‌സ്‌ ഉടമ എന്‍.ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ്‌, അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിം, കൂട്ടാളി ഛോട്ടാ ഷക്കീല്‍ എന്നിവരുള്‍പ്പെടെ 42 പേരാണ്‌ പ്രതിപ്പട്ടകയിലുള്ളത്‌.

കേസ്‌ ചുമത്തി രണ്ട്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ്‌ പ്രത്യേക കോടതി കേസില്‍ വിധി പറയുന്നത്‌. 2013 ല്‍ മൊഹാലിയില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവെപ്പുകാരുടെ നിര്‍ദേശപ്രകാരം ശ്രീശാന്ത്‌ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുത്തുവെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍.