ഐഎസ്‌ഐയ്‌ക്ക്‌ വേണ്ടി ചാരപ്രവര്‍ത്തനം;മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍

ranjith1അമൃത്സര്‍: പാക്‌ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയ്‌ക്ക്‌ വേണ്ടി ചാരവൃത്തി നടത്തിയ മലയാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്‌റ്റിലായി. മലയാളിയായ രഞ്‌ജിത്തിനെയാണ്‌ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇന്‍ഡോ പാക്‌ അതിര്‍ത്തിക്ക്‌ സമീപമുള്ള ബട്ടിണ്ട എയര്‍ഫോസ്‌ സ്‌റ്റേഷനിലെ ലീഡിങ്‌ എയര്‍ക്രാഫ്‌റ്റ്‌ മാനായിരുന്നു രഞ്‌ജിത്ത്‌. യുദ്ധ വിമാനങ്ങളുടെ വിന്യാസം സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഇയാള്‍ക്ക്‌ അറിയാമായിരുന്നു. മൂന്ന്‌ മാസമായി ഇയാള്‍ ഇന്റലിജന്‍സ്‌ നിരീക്ഷണത്തിലായിരുന്നു.

ജമ്മുവിലുള്ള ഒരു സ്‌ത്രീയിലൂടെയാണ്‌ ഇയാള്‍ വിവരങ്ങള്‍ കൈമാറിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. കുറ്റാരോപിതനായ ഇയാളെ ഇന്നലെ കോര്‍ട്ട്‌ മാര്‍ഷ്യല്‍ ചെയ്യുകയും സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിടുകയും ചെയ്‌തതായി എയര്‍ഫോഴ്‌സ്‌ അധികൃതര്‍ അറിയിച്ചു. പാട്യാല ഹൗസ്‌ കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാലു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.

സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന ചാരശൃംഖല നേരത്തെ ദില്ലി ക്രൈംബ്രാഞ്ച്‌ തകര്‍ത്തിരുന്നു.